‘ഷെയിം നിഗം…എല്ലാവരുടെയും നിഗമനം നീ തെറ്റിച്ച് കളഞ്ഞല്ലോ’-ആലപ്പി അഷറഫ്

വെയില്‍ സിനിമയുമായി ഉയര്‍ന്നു വന്ന വിവാദങ്ങളില്‍ ഷെയ്ന്‍ നിഗത്തെ വിമര്‍ശിച്ച് സംവിധായകന്‍ ആലപ്പി അഷറഫ്. ‘വെയില്‍’ എന്ന സിനിമയുമായി ഷെയ്ന്‍ നിഗം സഹകരിക്കുന്നില്ല എന്ന വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് താടി വടിച്ച് മുടി വെട്ടിയുള്ള തന്റെ ചിത്രങ്ങള്‍ ഷെയ്ന്‍ പുറത്തുവിട്ടത്. ഇതിനെതിരെയാണ് ആലപ്പി അഷ്‌റഫ് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെ ആണ് അദ്ദേഹം ഇതിനെ കുറിച്ച് പ്രതികരിച്ചത്. എല്ലാവരുടെയും നിഗമനങ്ങള്‍ നീ തെറ്റിച്ച് കളഞ്ഞല്ലോ മോനെ എന്ന് പറഞ്ഞാണ് അഷറഫ് തന്റെ കുറിപ്പ് തുടങ്ങുന്നത്.

ആലപ്പി അഷറഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

ഷെയിം നിഗം…

എല്ലാവരുടെയും നിഗമനങ്ങള്‍ നീ തെറ്റിച്ച് കളഞ്ഞല്ലോ മോനേ നിഗമേ…നിന്റെ പിതാവ് അഭിയുടെ ക്ഷമയും, സഹനശക്തിയും, മുതിര്‍ന്നവരോടുള്ള ബഹുമാനവും, സ്‌നേഹവും തുടങ്ങിയ നല്ല വശങ്ങളൊന്നും എന്തേ നീ കണ്ടു പഠിച്ചില്ല…

മോനേ… നമുക്ക് മുന്‍പ് സഞ്ചരിച്ച മഹത് വ്യക്തിത്വങ്ങള്‍ ഏസിയും കാരവനൊന്നും ഇല്ലാത്ത കാലത്ത് കഷ്ടപ്പാടുകളുടെയും വേദനയുടെയും ത്യാഗത്തിന്റെയും ഫലമായ് അവര്‍ കെട്ടിപടുത്ത ആ പടികളിലൂടെയാണ് നീ കയറി വന്നതെന്ന് മറക്കരുത്. മോനേ… പ്രേംനസീര്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ‘ നിത്യഹരിതം ‘ എന്നൊരു പുസ്തകമുണ്ട് നസീര്‍ സാറിനെക്കുറിച്ചു.. ചുരുങ്ങിയത് അതെങ്കിലും നീ ഒന്നു വാങ്ങി വായിക്കണം.. ഒരു പക്ഷേ നിനക്കതൊരു പാഠപുസ്തകമായി സൂക്ഷിക്കാം…

നീ പറയുന്നു..ഓക്കെയായ ഷോട്ടുകള്‍ വീണ്ടും വീണ്ടും സംവിധായകന്‍ എടുപ്പിച്ചെന്ന്.. ഷോട്ട് ഓക്കെ എന്നു തീരുമാനിക്കുന്നത് നടനാണോ സംവിധായകനാണോ…? ഒരു സംവിധായകന്‍ 60 വരെ പ്രാവിശ്യം വീണ്ടും വീണ്ടും എടുത്തിട്ടുള്ള സൂപ്പര്‍ താരത്തിന്റെ സഹകരണം ഞാന്‍ നേരിട്ടു കണ്ടിട്ടുള്ളവനാ..സംവിധായകന്‍ OK എന്നു പറഞ്ഞിട്ടും , ഇത് മതി എന്നു പറഞ്ഞിട്ടും ഇനിയും കുറച്ചുകൂടി നന്നാക്കാം സാര്‍ എന്നു പറഞ്ഞ് തൊഴിലിനെ സ്‌നേഹിച്ച് , ഓടുന്ന മോട്ടോര്‍ സൈക്കിളിന്റെ പിന്‍സീറ്റില്‍ നിന്നും പറക്കുന്ന ഹെലികോപ്റ്ററിലേക്ക് ചാടിക്കയറി ജീവന്‍ വരെ ത്യജിച്ച ചരിത്രമുള്ള ഒരിടമാണ് ഇവിടമെന്ന് നീ ഓര്‍ക്കുന്നത് നന്നായിരിക്കും…

ഒത്തുതീര്‍പ്പ് വ്യവസ്ഥയുടെ 15 ദിനങ്ങളില്‍ 10 ദിവസം കഴിഞ്ഞപ്പോള്‍ ഒരഞ്ചു ദിവസം കൂടി നിനക്ക് ക്ഷമിച്ച് സഹകരിച്ച് കൂടാമായിരുന്നില്ലേ…ഒരു പാട് ചെറുപ്പക്കാര്‍ മോഹിക്കുന്ന ഈ നടന സ്ഥാനം നീയായിട്ട് സ്വയം നശിപ്പിച്ചു കളയുന്നത് കണ്ട് വേദനയോടെ പറഞ്ഞു പോയതാ….

ആലപ്പി അഷറഫ്‌