
ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത ‘കഥാവശേഷൻ’ എന്ന ചിത്രമാണ് തന്റെ കരിയറിലെ വലിയൊരു വഴിത്തിരിവായതെന്ന് തുറന്നു പറഞ്ഞ് നടൻ ഇന്ദ്രൻസ്. സീരിയസ് വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ആളുകൾ ചിരിക്കില്ലെന്ന ധൈര്യം നൽകിയത് ഈ ചിത്രത്തിലെ കഥാപാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരംപോക്ക് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരിയറിലെ ഈ കഥാപാത്ര മാറ്റങ്ങൾക്ക് പിന്നിൽ സംവിധായകരാണെന്നും, താൻ ബോധപൂർവം ഒന്നും ചെയ്യുന്നില്ലെന്നും മനസ്സ് കൊടുക്കുക മാത്രമാണ് തന്റെ ജോലിയെന്നും അദ്ദേഹം പറഞ്ഞു. അഭിനയരംഗത്ത് ലഭിച്ച നേട്ടങ്ങളും ആഡംബര സൗകര്യങ്ങളും തന്നെ പലപ്പോഴും ഭയപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്ദ്രൻസ് തുറന്നുപറഞ്ഞു. വലിയ ഹോട്ടൽ മുറികളിലെ സൗകര്യങ്ങളോട് പൊരുത്തപ്പെടാൻ ബുദ്ധിമുട്ടായിരുന്നുവെന്നും, നിർമാതാക്കൾ എ.സി ട്രെയിൻ ടിക്കറ്റ് എടുത്ത് നൽകുമ്പോഴും അത് ഒഴിവാക്കി ജനറൽ കോച്ചിൽ യാത്ര ചെയ്യാനാണ് താൻ ഇഷ്ടപ്പെട്ടിരുന്നതെന്നും അദ്ദേഹം ഓർത്തെടുത്തു.
വലിയ മഹത് വ്യക്തികളെന്ന് കരുതുന്നവരോട് അടുക്കുമ്പോൾ ചിലപ്പോൾ പ്രതീക്ഷിച്ച അനുഭവമായിരിക്കില്ല ലഭിക്കുകയെന്നും, അതിനാൽ അവരെ അകന്നുനിന്ന് കാണാനാണ് തനിക്ക് താല്പര്യമെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു. കൂടുതൽ വിദ്യാഭ്യാസം ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷേ താനും അഹങ്കാരിയായി മാറിയേനേ എന്നും അദ്ദേഹം പറഞ്ഞു. തമിഴ് ഉൾപ്പെടെയുള്ള മറ്റു ഭാഷകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തത് മലയാളത്തിൽ തന്നെ ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാനും വായിച്ചുതീർക്കാനും ബാക്കിയുള്ളതുകൊണ്ടാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം തന്റെ ലളിതമായ ജീവിതക്കാഴ്ചപ്പാടുകൾ പങ്കുവെച്ചത്.
ഇന്ദ്രൻസിന്റെ വാക്കുകൾ
“കഥാവശേഷ’നിലാണ് ഞാൻ തന്നെ എന്നെ പേടിച്ചിരുന്ന ആ ഒരു കോമാളി, സീരിയസായി ഒരു വിഷയം വരുമ്പോൾ മരിപ്പ് വീട്ടിലും വന്ന് ചിരിക്കില്ല എന്ന് ധൈര്യം തന്നത്. ആ ഒരു കഥാപാത്രമായിരിക്കും. പിന്നെയുള്ള ഒരു മാറ്റം എന്ന് പറയുന്നത്, സ്വഭാവികമായും നമ്മൾ ചെന്ന് പെടുന്ന ഇടം തന്നെയാണ്.
സംവിധായകരാണ് എങ്ങനെയൊക്കെയോ നമുക്കാ ഷിഫ്റ്റ് ഒക്കെ ഉണ്ടാക്കി തരുന്നത്. അല്ലാതെ ബോധപൂർവം ഒന്നും ചെയ്യുന്നില്ല. മനസ് കൊടുക്കുക എന്നത് മാത്രമേ ചെയ്യാനുള്ളൂ.
അഭിനയിക്കാൻ തുടങ്ങിയപ്പോൾ തന്നെ, എന്റെ പ്രാർഥനയുടെ ഫലമൊക്കെ കിട്ടി, ഞാൻ ഉദ്ദേശിച്ചത് നടന്നു എന്നൊരു സമാധാനമായിരുന്നു. അപ്പോൾ എനിക്ക് കിട്ടി തുടങ്ങിയതൊക്കെ തന്നെ ധാരാളമാണ്. അത് എന്നെ പേടിപ്പെടുത്തുമായിരുന്നു. ഹോട്ടൽ ഒക്കെ. ആദ്യം താമസിച്ചിരുന്ന ഒരു കുഞ്ഞു തയ്യൽ മുറിയിൽ നമ്മൾ കുറേ പേർ കാണും. അതുകഴിയുമ്പോൾ ചീഫിന് മാത്രം ഒരു മുറി തരും.
നടനായി കഴിഞ്ഞപ്പോൾ ആ ഒരു മുറി മാറി മാറി വരുമ്പോൾ പിന്നെ പേടിയാകാൻ തുടങ്ങി. ആ മുറിയ്ക്കൊത്ത് വളരാൻ എനിക്ക് പറ്റില്ല. അതിന്റെ സൗകര്യങ്ങൾക്കൊത്ത് വൃത്തിയാകാൻ പറ്റുന്നില്ല. അത് വരെ ഞാൻ അഭിനയിക്കേണ്ടി വരും. ഓർമയിൽ എനിക്കൊരു നല്ല ട്രെയിൻ ആയിട്ട് തോന്നുന്നത് ജനശതാബ്ദി ഒക്കെയാണ്.
അന്ന് എസിയിൽ കയറിയാൽ 300 രൂപയാ. ജനറൽ 87 രൂപയും. നിർമാതാക്കൾ നമുക്ക് എസി ആണ് എടുത്ത് തരാറ്. ടിക്കറ്റ് ഞാനെടുത്തോളാം എന്ന് പറഞ്ഞ് ഞാൻ ജനറലിൽ കയറി പോകും. ആ പൈസയും എനിക്ക് മിച്ചമാണ്. എനിക്ക് ആ സൗകര്യം വേണ്ടാത്തതു കൊണ്ടാണ് ഞാനങ്ങനെ ചെയ്യുന്നത്. പിന്നെ വലിയ അറിവുള്ള ആളുകളോട് എനിക്ക് അടുക്കാൻ കുറച്ച് വിഷമമുണ്ട്.
എനിക്ക് വലിയ മഹത്തായ വ്യക്തികൾ എന്ന് തോന്നിയിട്ടുള്ളവരോട് അടുത്ത് കഴിയുമ്പോൾ ഞാൻ വിചാരിച്ചിരുന്ന ഒരാളേ അല്ലായിരിക്കും അവർ. അപ്പോൾ അവരെ അകന്ന് നിന്ന് കാണണം. ഈ കിട്ടുന്ന സൗകര്യം എനിക്ക് ലാവിഷ് ആണ്. അതിൽ എനിക്ക് അഭിനയിക്കാൻ പറ്റാത്തതു കൊണ്ടാണ് ഞാനങ്ങനെ തന്നെ നിൽക്കുന്നത്.
ചിലപ്പോൾ എനിക്ക് തോന്നുന്നു, ഒരു നാല് ക്ലാസ് കൂടി പഠിച്ചിരുന്നെങ്കിൽ ഞാൻ അറിയാതെ രണ്ട് ഇംഗ്ലീഷ് ഒക്കെ ആര് വന്നാലും മാറി നിൽക്കാതെ ചോദ്യങ്ങളൊക്കെ ചോദിച്ചും മറുപടി പറഞ്ഞും അഹങ്കാരിയായി മാറിയേനെ. ഇപ്പോൾ കിട്ടേണ്ടത് കിട്ടിയിട്ടില്ല. മലയാളം കൊണ്ട് തന്നെ എനിക്ക് ധാരാളമായിരുന്നു.
തമിഴ് പോലും ഞാൻ പഠിക്കാത്തത് അതുകൊണ്ടല്ലേ. വേറെ പടത്തിലൊന്നും ഞാൻ പോകില്ല. മലയാളം തന്നെ വീക്കിലി വായിച്ചാൽ അടുത്ത വീക്കിലി വരെ എത്തില്ല. മലയാളത്തിൽ എന്തോരം പുസ്തകങ്ങൾ വായിച്ചിട്ട് വേണം ഇവിടെ തന്നെ വാക്കുകൾ മാറ്റി പറയാനുമൊക്കെ.”