അഭിനയത്തിന്റെ ഊടും പാവും

','

' ); } ?>

ജീവിതത്തിലെ ചരടുകള്‍ മനോഹരമായി കൂട്ടിയിണക്കിയാണ് ഇന്ദ്രന്‍സ് എന്ന പ്രതിഭ ചലച്ചിത്ര ലോകത്ത് എത്തിയത്. ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രംഗത്തേക്കും പിന്നീട് അഭിനയ രംഗത്തേക്കും എത്തിയ അദ്ദേഹം മലയാളത്തിലെ തന്റെ ഓരോ വേഷങ്ങളും അതിസൂക്ഷ്മമായി ഒരു തുന്നല്‍ക്കാരനെ പോലെ തുന്നിയൊരുക്കിയത് പൊന്‍ നൂല് കൊണ്ടായിരുന്നു. 300ാളം ചിത്രങ്ങളിലായി പരന്നുകിടക്കുന്ന അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലേക്ക് പുതിയ പേരുകള്‍ ചേര്‍ക്കപ്പെടുമ്പോള്‍ വസ്ത്രാലങ്കാരകനായെത്തിയ അദ്ദേഹം തന്റെ തൊഴിലിനോടുള്ള സ്‌നേഹം ഇന്നും മറക്കാതെ സൂക്ഷിക്കുന്നുണ്ട്. താരപദവി ലഭിക്കുന്നതോടെ വെള്ളി വെളിച്ചത്തില്‍ നില്‍ക്കാന്‍ മാത്രം ഇഷ്ടപ്പെടുന്നവരുടെ പട്ടികയിലല്ല ഇന്ദ്രന്‍സ് എന്ന നടന്‍ ജീവിയ്ക്കുന്നത്. കൊമേഡിയനായി വന്ന് അതി ഗൗരവമുള്ള വേഷങ്ങള്‍ ആറ്റി കുറുക്കി പ്രതിഫലിപ്പിച്ച് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം വരെ നേടിയിട്ടും അദ്ദേഹത്തിന്റെ മുഖത്തെ ഭാവം കുട്ടികളെ പോലെ നിഷ്‌കളങ്കവും നിര്‍മ്മലവുമാണ്. സി.പി. വിജയകുമാര്‍ സംവിധാനം ചെയ്ത ‘ സമ്മേളനം’ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായ അദ്ദേഹം സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് 1985 ല്‍ പുറത്തിറങ്ങിയ ‘ജ്വലനം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കുള്ള തന്റെ അരങ്ങേറ്റം കുറിച്ചു. ഇന്ന് അന്തരിച്ച മഹാനടന്‍ കെ ടി സി അബ്ദുള്ളക്കയുടെ പകരക്കാരനായി അദ്ദേഹം ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോഴും ആ അര്‍ഹത അദ്ദേഹത്തിന് നേടിക്കൊടുക്കുന്നത് ഈ എളിമയും തന്റെ കലയോടുള്ള അടങ്ങാത്ത ആഗ്രഹവുമാണ്. പാലക്കാട് നെന്‍മാറയിലെ ചൂടേറിയ കാലാവസ്ഥയില്‍ ചിത്രീകരണം പുരോഗമിക്കുമ്പോള്‍ കാരവാനിന്റെ കുളിരില്‍ നിന്ന് മാറി വസ്ത്രാലങ്കാരത്തിന്റെ തിരക്കുകള്‍ക്കിടയില്‍ പഴയ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇരുന്ന് കുശലം പറയുന്ന ഇന്ദ്രന്‍സിനെയാണ് കാണാനായത്.

. സിനിമയുടെ അണിയറയില്‍ നിന്നുള്ളവരോടുള്ള സൗഹൃദങ്ങള്‍ അതേ പോലെ സൂക്ഷിക്കുന്നുണ്ടല്ലോ.. സഹപ്രവര്‍ത്തകരോട് അതേ സ്‌നേഹത്തില്‍ തന്നെയാണോ.?

.എനിക്കങ്ങനെ ഒതുങ്ങിയിരിക്കാന്‍ പറ്റാത്തതുകൊണ്ടാ. നമ്മുടെ ക്യാമറക്ക് മുന്നിലല്ലാതെ കുറേ വിശേഷങ്ങളുണ്ട് പിന്നാമ്പുറത്ത്. അതൊക്കെ എല്ലാവരും അറിയുന്നതിന് മുന്‍പേ ഞാനറിയും… (നിറഞ്ഞ ചിരി).

. ഇപ്പോള്‍ തയ്ക്കാറുണ്ടോ….?

.പിന്നേ.. സമയം കിട്ടുമ്പോള്‍.. വീട്ടില്‍ സൗകര്യത്തിന് അനിയന്മാര്‍ക്ക് അടുത്ത് കടയൊക്കെയുണ്ടല്ലോ. ചിലപ്പോള്‍ എനിക്ക് കൊതി തോന്നുമ്പോഴൊക്കെ എന്തെങ്കിലും ചെയ്യാന്‍ പറ്റും. വായിക്കുമ്പോഴും സിനിമ ചെയ്യുമ്പോഴുമൊക്കെയുള്ള അതേ സ്പിരിറ്റ് തന്നെയാണ് എനിക്ക് തയ്ക്കുമ്പോഴും ഉണ്ടാകുന്നത്.

. മുമ്പ് ചെയ്ത് ജോണറുകളില്‍ നിന്നും വ്യത്യസ്തമായ ജോണറുകളിലുള്ള സിനിമകള്‍ ലഭിക്കുന്നുണ്ടോ…?

.എനിക്ക് തോന്നുന്നത് കുറച്ചുകൂടി പക്വതയുള്ള കഥാപാത്രങ്ങള്‍ കുറേ വരുന്നുണ്ട്. അതില്‍ എന്നാല്‍ ഇടക്ക് കോമഡിയും കിട്ടുന്നുണ്ട്. വാര്‍ത്തകള്‍ ഇതു വരെ, സന്തോഷ് ശിവന്‍ സാറിന്റെ ‘ജാക്ക് ആന്‍ഡ് ജില്‍’ എന്നീ ചിത്രങ്ങളിലൊക്കെ നല്ല കോമഡിയാണ് ചെയ്യാനുള്ളത്. (പുഞ്ചിരിക്കുന്നു). ഇപ്പോള്‍ ജോണ്‍ മന്ത്രിക്കലിന്റെ ഫ്രൈഡേ ഫിലിംസിന്റെ ഒരു പടം നടക്കുന്നുണ്ട്. ‘ജനമൈത്രി’.. അതിലൊക്കെ ഫുള്‍ കോമഡിയാ.. എങ്കിലും ഇതുപോലെ എന്റെ പ്രായത്തിനൊത്ത എനിക്ക് ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങളും കുറച്ചു കൂടുതലായിട്ട് വരുന്നുണ്ട്.

. പക്വതയുള്ള കഥാപാത്രങ്ങളാണോ കൂടുതല്‍ സംതൃപ്തി നല്‍കുന്നത്?

.രണ്ടും അതേ. ഇടക്കിടക്ക് ഒന്ന് ഇളകിക്കളിക്കാന്‍ പറ്റുന്നത് ഒരു സുഖമായിട്ടെനിക്ക് തോന്നുന്നു. അതിനാല്‍ മനസ്സിനെ ഒരിടത്ത് ഒതുക്കി നിര്‍ത്താതെ മേയാന്‍ വിടാന്‍ പറ്റുന്നുണ്ട്.

. അവാര്‍ഡ് കിട്ടുന്ന നല്ല ചെറിയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കാതെ പോകാറുണ്ട് എന്ന് തോന്നിയിട്ടുണ്ടോ…?

.ഇല്ല ജി.. പണ്ട് കാലം മുതല്‍ അങ്ങനെയുണ്ട്. ചില പടങ്ങള്‍ നന്നെന്ന് കണ്ടാല്‍ ആളുകള്‍ അതിനെ പെട്ടെന്ന് സ്വീകരിക്കുകയും നല്ല അഭിപ്രായങ്ങള്‍ പറയുകയും ചെയ്യും. പിന്നെ ചില പടങ്ങളില്‍ നമ്മുടെ തന്നെ വീഴ്ച്ച കൊണ്ട് അത് ജനങ്ങളില്‍ എത്തിക്കാന്‍ പറ്റാതെ വരും. പ്രേക്ഷകനെ സംബന്ധിച്ച് നല്ലത് കിട്ടിയാല്‍ സ്വീകരിക്കും ഇല്ലെങ്കില്‍ അവര്‍ മുഖം തിരിക്കും എന്നത് ഉറപ്പാണ്. ജീവിതം പറയുന്ന സിനിമകളുണ്ട്. ഒരുപാട് ആഡംബരം കാണിക്കാന്‍ പറ്റാതെ, കലാകാരന്മാര്‍ അതിന്റെ മൂല്യം ചോര്‍ന്ന് പോകാതെ ചെയ്യുന്ന സിനിമകളുണ്ട്. ആ സിനിമകള്‍ക്ക് പണ്ടത്തേക്കാളും ഇപ്പോള്‍ കൂടുതല്‍ വേദികളുണ്ട്. സിനിമാ ക്ലബ്ബുകളും ഫെസ്റ്റിവലുകളും സംഘടിപ്പിച്ച് സിനിമയോട് മോഹമുള്ളവര്‍ക്ക് കാണാന്‍ കുറച്ച് അവസരം കിട്ടുന്നുണ്ട്. പിന്നെ പല സിനിമകളും എത്തിക്കാന്‍ പറ്റാത്തത് ഉണ്ടാക്കുന്നവരുടെ വീഴ്ച്ച തന്നെയാണ്.

. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച്ചയല്ല, കൊമേര്‍ഷ്യലായി എത്തിക്കാന്‍ പറ്റാത്തതിന്റെ പ്രശ്‌നം തന്നെയാണെന്നാണോ താങ്കളുടെ അഭിപ്രായം…?

.സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സഹായങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും കുറച്ച് കൂടി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. മറ്റു പ്രധാന തിയേറ്ററുകളൊക്കെ എല്ലാവരും കണ്ണുവെക്കുന്ന തിയേറ്ററുകളാണ്. സര്‍ക്കാര്‍ തിയേറ്ററുകള്‍ നല്ല നല്ല സെന്ററിലും നല്ല ക്വാളിറ്റിയുള്ളതുമാണ്. വളരെ പൈസ മുടക്കി സിനിമയെടുക്കുന്നവര്‍ ആദ്യം കണ്ണുവെക്കുന്നത് ആ തിയേറ്ററുകളാണ്. അപ്പോള്‍ അതിന്റെ ഭരണസമിതിക്കും എപ്പോഴും ആ തിയേറ്റര്‍ ഒഴിച്ചിടാന്‍ താല്‍പ്പര്യമുണ്ടാവില്ലല്ലോ?.. അങ്ങനെയാണ് പലപ്പോഴും ചില വിവാദത്തിലോട്ടൊക്കെ പോകുന്നത്. എങ്കില്‍പ്പോലും നമ്മള്‍ നേരത്തെ പറയുകയാണെങ്കില്‍ ചില സിനിമകള്‍ക്ക് ഇത്രയും തിയേറ്ററുകള്‍ പോരാന്നുണ്ടെങ്കില്‍ അവര്‍ ശ്രമിക്കാറുണ്ടെന്ന് പറയാറുണ്ട്. കലാമൂല്യമുള്ള സിനിമകള്‍ക്ക് ഒരു സ്‌പെയ്‌സ് കിട്ടുന്നുണ്ട്. കുറച്ച് വെയ്റ്റ് ചെയ്യേണ്ടി വരുന്നുവെന്ന് മാത്രം.

. പല നടന്മാരും ഇപ്പോള്‍ സംവിധാനത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്..? അങ്ങനെയുള്ള വല്ല ശ്രമങ്ങളുമുണ്ടോ…?

.ശരിക്ക് പറഞ്ഞാല്‍ എനിക്ക് പേടിയാ… (ചെറിയ ജാള്യതയോടെ ചിരിക്കുന്നു).. പണ്ട് തിക്കുറിശ്ശി സാറിന്റെയൊക്കെ തുടക്കം മുതല്‍ സാറൊക്കെ സംവിധാനം ചെയ്ത് അദ്ദേഹം തന്നെ പാട്ടെഴുതിയ സിനിമകളുണ്ട്. ഇപ്പോഴും നമ്മളെ വല്ലാതെ ആകര്‍ഷിക്കുന്ന സിനിമകള്‍. അതുപോലെ മധുസാര്‍.. ഇതൊക്കെ കണ്ട് കണ്ട് വരുന്നതുകൊണ്ട് പേടിയാണ്. തൊടാന്‍ പാടില്ല. എന്തായാലും ഒരിക്കലും അത് പോലെ ചെയ്യാന്‍ പറ്റൂല എന്നുള്ള ആധിയാണ്. എന്നാലും അറിയുന്നവര്‍, പഠിക്കുന്നവര്‍, സിനിമയുടെ കൂടെ സഞ്ചരിക്കുന്നവര്‍., അവര്‍ക്കൊക്കെ ഒരു നിലപാടും അഭിപ്രായവും ഉണ്ടാവും. അവരൊക്കെ സിനിമചെയ്യണമെന്ന അഭിപ്രായവും എനിക്കുണ്ട്.

. എങ്ങനെയുണ്ട് പുതിയ കാലത്തെ സിനിമകള്‍…?

.എനിക്ക് തോന്നിയത് പുതിയ കാലം എല്ലാകാലവും പോലെ തന്നെയാണ്. അതിങ്ങനെ കയറി ഇറങ്ങി വരും. എല്ലാ കാലത്തും ഭരതനും പത്മാരാജനുമൊക്കെയുണ്ട്. അതു പോലെത്തന്നെയാണ് ഇപ്പോഴും വന്ന് കൊണ്ടിരിക്കുന്നത്. അതങ്ങനെ തന്നെയേ പോകുകയുള്ളു. ഒരു തയ്യല്‍ക്കാരന്‍ എന്നുള്ള എന്റെ ഭാഷയില്‍ പറഞ്ഞാല്‍ ചിലപ്പോള്‍ ബെല്‍ബോട്ടം വരും, പിന്നെ അത് പോവും. പിന്നെ കോളര്‍ വലുതാവും, പിന്നെ അത് ചെറുതാവും. എന്നതുപോലെയാണ് സിനിമയും കഥയും. ജീവിതം അങ്ങനെയാണല്ലോ.. മാറിയും മറിഞ്ഞും. അപ്പോള്‍ സൃഷ്ടികളും അങ്ങനെ തന്നെയാവും.

. ഒരു നടനെ സംബന്ധിച്ച് അയാളുടെ ഉപകരണം അയാളുടെ ശരീരമാണ്. ഗെറ്റപ്പ് മാറാനായി അത്തരത്തിലുള്ള എന്തെങ്കിലും തയ്യാറെടുപ്പുകള്‍ നടത്താറുണ്ടോ…?

.ഞാനവരുടെ കൂടെ ചേരല്‍ തന്നെയേ ഉള്ളു. കാരണം നമ്മുടെ കൈയ്യില്‍ ഒരു കഥാപാത്രം എത്തുന്നതിന് എത്രയോ മുമ്പ് അവര്‍ തയ്യാറെടുക്കുകയാണ്. അവരുടെ മനസ്സില്‍ നിറഞ്ഞു നിന്നതിന് ശേഷമാണ് നമ്മളെ ആ കഥാപാത്രമാക്കാന്‍ അവര്‍ വിളിക്കുന്നത്. അപ്പോള്‍ നമ്മുടെ തീരുമാനത്തിനേക്കാളും ബലം അവര്‍ കല്‍പ്പിക്കുന്നതിനായിരിക്കും. അതുകൊണ്ട് അങ്ങനെ നിന്നുകൊടുക്കാറാണ് പതിവ്.

. മൊഹബത്തിന്‍ കുഞ്ഞബ്ദുള്ളയെക്കുറിച്ച്…?

.വലിയ കഥ പറയുന്ന മുഹബത്തുള്ള കുഞ്ഞ്ബദുള്ളയാണ്. ബോംബെ മുതല്‍ തിരുവനന്തപുരം, കാസര്‍ഗോഡ് വരെ യാത്ര ചെയ്ത് ആ സിനിമ നന്നാക്കാനുള്ള എല്ലാ സൗകര്യവും ബെന്‍സി പ്രൊഡക്ഷന്‍സ് ചെയ്ത് കൊടുത്തിട്ടുമുണ്ട്. അവരത് മനോഹരമായി ചെയ്തു. എന്തായാലും വലിയ പ്രതീക്ഷയുള്ള ചിത്രം തന്നെയാണ്. ഷാനു സമദ് എന്ന സംവിധായകന്‍ ഒരുപാട് കഷ്ടപ്പെട്ട് നന്നായെടുത്തിട്ടുണ്ട്. നന്നാവും.. എല്ലാവര്‍ക്കും ഇഷ്ടപ്പെടും. അങ്ങനെയാണ് ആ കഥ പറഞ്ഞുപോകുന്നത്. ഒരു വ്യക്തിയില്‍ എല്ലാ അംശവുമുണ്ട്. നല്ലതും ചീത്തയും. കാലവും സാഹചര്യവും അനുസരിച്ച് അത് പല രീതിയില്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള ഒരബ്ദുള്ളക്കായുടെ കഥയാണ് അത് പറയുന്നത്.

. കെ ടി സി അബ്ദുള്ളക്കായെ വെച്ച് തുടങ്ങിയ ചിത്രമാണ്… അദ്ദേഹത്തിന്റെ ഒരു സ്മരണയിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. എങ്ങനെയായിരുന്നു അദ്ദേഹവുമായുള്ള ബന്ധം…?

.കെ ടി അബ്ദുള്ളക്കായെക്കുറിച്ച് ഞാന്‍ ഒരുപാട് പറഞ്ഞ് കേട്ടിട്ടേയുള്ളൂ. അടുത്ത് സഹകരിച്ചത് കുറവാണ്. എങ്കിലും കാണുമ്പോള്‍ വലിയ കാര്യമാണ്. ഞങ്ങളൊരുമിച്ച് അഭിനയിച്ചിട്ടില്ല. ഒരുമിച്ചുള്ള സിനിമകളുണ്ട്. കെ ടി സി യുമായി ബന്ധമുള്ള ചടങ്ങുകളിലൊക്കെ അദ്ദേഹം ഫോണ്‍ ചെയ്യും. ”നീ എവിടെയുണ്ട്…? നമ്മുടെ ഫംഗ്ഷന് പങ്കെടുക്കാന്‍ പറ്റുമോ എന്നൊക്കെ ചോദിക്കും”. വയസ്സാവുമ്പോള്‍ കുട്ടികളെപ്പോലെ ആഗ്രങ്ങള്‍ കൂടി വരികയേ ഉള്ളൂ. എനിക്കറിയാം അബ്ദുള്ളക്കായ്ക്ക് അഭിനയിക്കാന്‍ ഭയങ്കര കൊതിയുണ്ടായിരുന്നിരിക്കും. പക്ഷെ അത് മുഴുമിക്കാന്‍ ശരീരം അനുവദിച്ചില്ലല്ലോ എന്നാലോചിക്കുമ്പോള്‍ നല്ല സങ്കടമുണ്ട്.

.മറ്റു പുതിയ ചിത്രങ്ങള്‍…?

.പുതിയ ചിത്രമായി ആഷിക് അബുവിന്റെ ‘വൈറസ്’ ഉണ്ട്. ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ പിന്നെ ‘കാ’ എന്ന് പറഞ്ഞ ഒരു സിനിമ. ‘വാര്‍ത്തകള്‍ ഇത് വരെ’, ‘സായാഹ്ന വാര്‍ത്തകള്‍’ ലാല്‍ ജോസ് സാറിന്റെ പുതിയതായി നടക്കുന്ന സിനിമ, വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ‘മനോഹരം’
ഇതൊക്കെയാണ് ഇപ്പോഴുള്ള ചിത്രങ്ങള്‍..

. കമ്മിറ്റ് ചെയ്ത ഏതെങ്കിലും വലിയ കഥാപാത്രങ്ങളോ ചിത്രങ്ങളോ മുമ്പിലേക്കുണ്ടോ..?

.ഇപ്പോള്‍ ചെയ്തത് എല്ലാം വലിയ സിനിമകളാണ്. എല്ലാം നല്ല ചിത്രങ്ങളായിരിക്കും. പിന്നെ ഭദ്രന്‍ സാറിന്റെ ഒരു സിനിമ അടുത്ത് ചെയ്യുന്നുണ്ട്. ഭദ്രന്‍ സാറ് വിളിച്ച് ”ആഗസ്റ്റ് ഒന്നുമുതല്‍ നീ വേറെയെങ്ങും പോകല്ലെ.. അടങ്ങി നിന്നോണം” എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അത് സൗബിനും ഞാനുമാണ്. നല്ല കഥാപാത്രമാണെന്നൊക്കെ പറഞ്ഞിരിക്കുന്നു. അതാണ് ഇനിയുള്ള ഒരു തയ്യാറെടുപ്പ്.

. സിനിമാ ലോകത്തിനിടയിലെ കുടുംബജീവിതത്തെക്കുറിച്ച്…?

.കുടുംബമൊക്കെ പണ്ടേ ശാന്ത നോക്കിക്കോളും. എന്നെ ഇങ്ങനെ കറങ്ങാന്‍ വിട്ടിട്ട്… ( ചിരിക്കുന്നു ). മക്കളൊക്കെ മുതിര്‍ന്നല്ലോ..