നടന്‍ ബഹദൂറിന്റെ സ്മരണയില്‍..

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ഹാസ്യ നടന്മാരിലൊരാളായിരുന്നു ബഹദൂര്‍. അടൂര്‍ ഭാസിയുമൊത്ത് അദ്ദേഹം മലയാള സിനിമക്ക് സംഭാവന ചെയ്ത കോമഡി എന്ന കലയുടെ സാന്നിധ്യം ഇന്നും സിനിമകളിലെ ഒരു പ്രധാന ഭാഗമായി തുടരുകയാണ്. ബഹദൂറിന്റെ ചമരദിനമായ ഇന്ന് മലയാള സിനിമ ലോകം അദ്ദേഹത്തിന്റെ സ്മരണയില്‍ പങ്കുചേരുകയാണ്.

കൊടുങ്ങല്ലൂരില്‍ പടിയത്ത് കൊച്ചുമൊയ്തീന്റെയും ഖദീജയുടെയും മകനായി ജനിച്ച കുഞ്ഞാലു കൊച്ചുമൊയ്ദീന്‍ പടിയത്ത് എന്ന ബഹദൂര്‍ തന്റെ ചലച്ചിത്ര ജീവിതത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത് ഒമ്പത് മക്കളുള്ള തന്റെ ദരിദ്ര കുടുംബത്തില്‍ നിന്നാണ്. പത്താം ക്ലാസ്സില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയം നേടിയിട്ടും തന്റെ 8 സഹോദരിമാരെ വിവാഹം ചെയ്തയക്കാനായി ബഹദൂറിന് ചെറുപ്പത്തിലേ ജോലി തേടി പോകേണ്ടി വന്നു. ഒരു പ്രൈവറ്റ് ബസ് ജീവനക്കാരനായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന കാലത്താണ് മലയാള ചലചിത്രകാരനും നടനുമായ തിക്കുറിശ്ശിയെ ഒരു ബന്ധു വഴി കണ്ടുമുട്ടുകയും സിനിമയിലേക്കുള്ള അവസരം ലഭിക്കുന്നതും. തിക്കുറിശ്ശിയാണ് അദ്ദേഹത്തിന് ബഹദൂര്‍ എന്ന പേര് സമ്മാനിച്ചത്.

ആദ്യകാലത്ത് നാടകത്തിലൂടെയാണ് ബഹദൂര്‍ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് ഒരു ചെറിയ വേഷത്തില്‍ ആദ്യ സിനിമയായ അവകാശിയില്‍ (1954) അഭിനയിച്ചു. അക്കാലത്ത് ആകാശവാണിയില്‍ നാടകങ്ങളിലും അദ്ദേഹം ശബ്ദം കൊടുത്തിരുന്നു. പിന്നീട് പാടാത്ത പൈങ്കിളി എന്ന ചിത്രത്തിലെ ‘ചക്കരവറക്കല്‍’ എന്ന ശ്രദ്ധേയമായ വേഷം ചെയ്‌തോടെ ബഹദൂര്‍ മലയാളം സിനിമയിലെ തന്റെ സ്ഥാനം ആദ്യമായി അടയാളപ്പെടുത്തി. പിന്നീട് അദ്ദേഹത്തിന് ഒരു പാട് സിനിമകള്‍ ലഭിച്ചു. അടൂര്‍ ഭാസിയുമായി ചേര്‍ന്ന് മലയാള സിനിമയില്‍ ഹാസ്യത്തിന് ഒരു പുതിയ മാനം തന്നെ ബഹദൂര്‍ സൃഷ്ടിച്ചു.

4 സംസ്ഥാന പുരസ്‌കാരങ്ങള്‍. 46 വര്‍ഷങ്ങള്‍കൊണ്ട് 214 ചിത്രങ്ങള്‍. 1954ല്‍ അവകാശികളില്‍ തുടങ്ങി ജോക്കര്‍ വരെ. ഒട്ടുമിക്കതും ഹിറ്റുകളായിരുന്നു. സിഐഡി നസീര്‍, രാത്രി വണ്ടി, ചെമ്പരത്തി, ആദ്യത്തെ കഥ, പണിമുടക്ക്, അപരാധി, ശംഖുപുഷ്പം, ഒരു സിബി ഐ ഡയറിക്കുറിപ്പ്, ഒരുക്കം, സൂര്യഗായത്രി, തൂവല്‍സ്പര്‍ശം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ എടുത്തു പറയണം. ജോക്കറിലെ അബുക്കയെ കാണികള്‍ മറക്കില്ല. സൂക്ഷ്മ ചലനങ്ങള്‍കൊണ്ട് ചിരിക്കുകയും കരയുകയും ചെയ്യുന്ന രണ്ടു മനുഷ്യരെപ്പോലെയായിരുന്നു അബുക്കയുടെ അളന്നുകുറിച്ച ഭാവങ്ങള്‍.

2000 മേയ് 22ന് കടുത്ത നെഞ്ചു വേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ മരണം ഉച്ചക്ക് 3:00 മണിയോടെ തലച്ചോറില്‍ രക്തസ്രാവം മൂലം സംഭവിക്കുകയായിരുന്നു.