
‘രാമായണ’ സിനിമയിൽ പരശുരാമന്റെ വേഷം മമ്മൂട്ടി ചെയ്തിരുന്നെങ്കിൽ കൂടുതൽ മികച്ചതാകുമായിരുന്നുവെന്ന് മുൻ ഡി.ജി.പിയും ബി.ജെ.പി. കൗൺസിലറുമായ ആർ. ശ്രീലേഖ. ചിത്രത്തിൽ രൺബീർ കപൂർ പരശുരാമനായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും ആ വേഷം മമ്മൂട്ടിക്ക് നൽകാമായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്ന് അവർ പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലായ ‘സസ്നേഹം ശ്രീലേഖ’യിൽ പങ്കുവെച്ച സിനിമാ നിരൂപണത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
ചിത്രത്തിൽ രൺബീർ കപൂർ അവതരിപ്പിച്ച ശ്രീരാമന്റെ കഥാപാത്രം അല്പം നിരാശപ്പെടുത്തിയെന്നും ശ്രീലേഖ പറഞ്ഞു. മനുഷ്യജന്മമെടുത്ത ദൈവമായ രാമന് പ്രണയവും ദേഷ്യവും സങ്കടവുമെല്ലാം പ്രകടിപ്പിക്കേണ്ടതുണ്ട്. എന്നാൽ രൺബീറിന്റെ മുഖത്ത് ആവശ്യത്തിന് ഭാവങ്ങൾ വരുന്നില്ലെന്നും കണ്ണുകൾ എപ്പോഴും അമിതമായി ശാന്തമാണെന്നും അവർ ചൂണ്ടിക്കാട്ടി. ജഡായു മരിക്കുന്ന വൈകാരിക രംഗത്തിൽ പോലും രാമൻ കരയുന്നതായി തോന്നിയില്ലെന്നും, ലക്ഷ്മണൻ ചോദിക്കുമ്പോഴാണ് അത് മനസ്സിലാകുന്നതെന്നും അവർ വിമർശിച്ചു. ഇതുകാരണം രാമന്റെ കഥാപാത്രത്തിന് ജീവൻ കുറവുള്ളതായി അനുഭവപ്പെട്ടുവെന്നും, എന്നാൽ അതേസമയം രൺബീർ അവതരിപ്പിച്ച പരശുരാമൻ അതിഗംഭീരമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ ആർ. ശ്രീലേഖ പ്രത്യേകം പ്രശംസിച്ചു. കൈകസിയായി എത്തിയ ശോഭനയെ മനോഹരമായി ചെറുപ്പമാക്കി അവതരിപ്പിച്ചിട്ടുണ്ടെന്നും മികച്ച പ്രകടനമാണ് അവർ കാഴ്ചവെച്ചതെന്നും ശ്രീലേഖ പറഞ്ഞു. എന്നാൽ ചിത്രത്തിൽ ഏറ്റവും കൂടുതൽ മുന്നിട്ടുനിൽക്കുന്നത് സീതയായെത്തിയ സായ് പല്ലവിയാണെന്ന് അവർ അഭിപ്രായപ്പെട്ടു. സാധാരണ രാമായണത്തിൽ കാണാത്ത രീതിയിൽ ആയോധനകലകളിൽ പ്രാവീണ്യമുള്ള, ബുദ്ധിമതിയും ധൈര്യശാലിയുമായ സീതാദേവിയെയാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും അവർ വ്യക്തമാക്കി.
ശ്രീലേഖയുടെ വാക്കുകൾ
‘രാമന്റെ കഥാപാത്രം വരുമ്പോൾ ശകലം നിരാശ തോന്നി. രൺബീർ കപൂർ എന്തുകൊണ്ടോ രാമന്റെ റോളിന് ചേരുന്നില്ല എന്നൊരു തോന്നൽ. എന്തുകൊണ്ടോ അദ്ദേഹത്തിന്റെ മുഖത്ത് ഭാവങ്ങൾ കാര്യമായി വരുന്നില്ല. മിക്കവാറും എല്ലാ സമയങ്ങളിലും കണ്ണുപോലും വളരെ ശാന്തമാണ്. രാമൻ മനുഷ്യജന്മമെടുത്ത ദൈവമാണ്. അപ്പോൾ മനുഷ്യന്റെ എല്ലാ സ്വഭാവങ്ങളും കാണിക്കണം. പ്രണയവും ദേഷ്യവും സങ്കടവും വരണം. കരയണം. ജഡായു മരിക്കുന്ന സീനിൽ രാമൻ കരയുന്നതിനേക്കാൾ കൂടുതൽ ശാന്തനായാണ് എനിക്ക് തോന്നിയത്. ലക്ഷ്മണൻ ചോദിക്കുമ്പോഴാണ് അദ്ദേഹം കരയുകയാണെന്ന് നമുക്ക് മനസിലാവുന്നത്’, രാമനായി രൺബീറിന്റെ അഭിനയത്തെക്കുറിച്ച് ശ്രീലേഖ പറഞ്ഞു.
‘അതുകൊണ്ട് രാമന് കുറച്ച് ജീവൻ കുറവുള്ളതുപോലെ എനിക്ക് തോന്നി. ജീവസുറ്റ കഥാപാത്രമായി എനിക്ക് തോന്നിയില്ല. പക്ഷേ, രൺബീർ കപൂർ പരശുരാമനായി വരുമ്പോൾ അതിഗംഭീരമായിരുന്നു. അത് എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ, പരശുരാമൻ എന്ന കഥാപാത്രമായി രൺബീർ ചെയ്യണമായിരുന്നോ എന്ന് എനിക്ക് തോന്നി. അത് മമ്മൂട്ടിക്ക് കൊടുത്താൽ പോരായിരുന്നോ എന്ന്. മമ്മൂട്ടി ആയിരുന്നെങ്കിൽ എന്ത് നല്ലതായിരുന്നു എന്ന് മനസ്സിലൂടെ പോയി.
കൈകസിയായുള്ള ശോഭനയുടെ അഭിനയത്തെയും ശ്രീലേഖ പ്രശംസിച്ചു. എന്നാൽ അതിനേക്കാൾ മികച്ചത് സീതയായുള്ള സായ് പല്ലവിയാണെന്നും അവർ അഭിപ്രായപ്പെട്ടു. ‘ശോഭനയുടെ കഥാപാത്രം നല്ലതായിരിക്കുന്നു. കൈകസിയായി ശോഭനയാണ് അഭിനയിച്ചിരിക്കുന്നത്. വളരെ നല്ല രീതിയിൽ ചെറുപ്പകാലമാക്കി സുന്ദരിയാക്കി മാറ്റിയിട്ടുണ്ട്. പക്ഷേ അതിനേക്കാളും മുന്നിട്ടുനിൽക്കുന്നത്, സായ് പല്ലവിയുടെ സീതയാണ്. സീതയ്ക്ക് ഒരുപാട് പ്രത്യേകതകളാണ് സിനിമ നൽകിയിരിക്കുന്നത്. രാമായണത്തിൽ നമ്മൾ കാണാത്ത സീതയാണ് സിനിമയിലുള്ളത്. വളരെ മിടുക്കിയായ, ആയോധനകലകളിൽ പ്രാവീണ്യമുള്ള, ധൈര്യശാലിയായ, ബുദ്ധിയുള്ള സീതാദേവിയാണ് ചിത്രത്തിൽ.