മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ ഇരുപ്പം വീട് ശശിധരന്‍ എന്ന ഐ.വി. ശശി വിട വാങ്ങിയിട്ട് രണ്ടാണ്ട് പിന്നിടുന്നു. ഏകദേശം 150 ഓളം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. തന്റേതായ ഒരു ശൈലിയിലും സംവിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകള്‍ മലയാള സിനിമ ചരിത്രത്തില്‍ വേറിട്ടു നില്‍ക്കുന്നു. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. 2017 ഒക്ടോബര്‍ 24ന് തന്റെ 69ആം വയസ്സില്‍ ചെന്നൈയിലെ സ്വവസതിയില്‍ വച്ചുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹം അന്തരിച്ചു.
1968ല്‍ എ.ബി.രാജിന്റെ കളിയല്ല കല്ല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. ഛായാഗ്രാഹ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സഹ സംവിധായകനായി കുറെ ചലച്ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. ആദ്യചലച്ചിത്രം ഇരുപത്തിയേഴാം വയസ്സില്‍ സംവിധാനം ചെയ്തു. ഈ ചലച്ചിത്രത്തില്‍ അദ്ദേഹത്തിന്റെ പേര് ചേര്‍ത്തിരുന്നില്ലെങ്കിലും ആദ്യം സംവിധാനം ചെയ്ത ചലച്ചിത്രം വന്‍വിജയമായിരുന്നു. ആദ്യ സംവിധാനം ചെയ്തതായി അറിയപ്പെടുന്ന ചലച്ചിത്രം ഉത്സവം ആണ്. പിന്നീട് വന്ന അവളുടെ രാവുകള്‍ എന്ന സിനിമ മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു വിജയ ചിത്രം ആണ്. ഈ ചലച്ചിത്രം പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കില്‍ രണ്ടും സിനിമകള്‍ ചെയ്തു.
ഇതാ ഇവിടെ വരെ, ഈ നാട്, ആള്‍ക്കൂട്ടത്തില്‍ തനിയെ, തൃഷ്ണ, അങ്ങാടി, അടിയൊഴുക്കുകള്‍, ആവനാഴി, നീലഗിരി, ദേവാസുരം, വര്‍ണ്ണപകിട്ട് തുടങ്ങീ നിരവധി ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കിയത്. മോഹന്‍ലാലും മമ്മൂട്ടിയും മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളായി വളര്‍ന്നതില്‍ ഐ.വി.ശശിക്ക് വളരെയേറെ പങ്കുണ്ട്. മോഹന്‍ലാലിന് തന്റെ കരിയറിലെ ബ്രേക്ക് നല്‍കിയ ചിത്രം ‘ഇനിയെങ്കിലും’ സംവിധാനം ചെയ്തത് ഐ.വി.ശശിയായിരുന്നു. അതുപോലെ മമ്മൂട്ടിയെ ആദ്യമായി നായകനായതും ഐ.വി.ശശിയുടെ ‘തൃഷ്ണ’ എന്ന ചിത്രത്തിലൂടെയാണ്. ഐ.വി.ശശിയ്‌ക്കൊപ്പം 35 ലധികം സിനിമകളില്‍ മമ്മൂട്ടി ഒന്നിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ദേവാസുരം’ സംവിധാനം ചെയ്തതും ഐ.വി.ശശിയായിരുന്നു.