
സംവിധായകന്റെ ആവശ്യമാണ് ഒരു അഭിനേതാവ് നിറവേറ്റികൊടുക്കേണ്ടതെന്ന് മനസ്സിലാക്കിയത് മമ്മൂട്ടിയിൽ നിന്നും മോഹൻലാലിൽ നിന്നുമാണെന്ന് തുറന്നു പറഞ് നടൻ ടൊവിനോ തോമസ്. പലപ്പോഴും അവരുടെ സംവിധായകർ വളരെ ജൂനിയർ ആയ ആളുകളായിരിക്കും. ഇരുവരിൽ നിന്നും താൻ പഠിച്ച കാര്യം അതാണെന്നും ടൊവിനോ കൂട്ടിച്ചേർത്തു. ‘നരിവേട്ട’ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ടൊവിനോ ഈ കാര്യങ്ങൾ പറഞ്ഞത്.
”സംവിധായകന് എന്താണോ ആവശ്യം അതാണ് അഭിനേതാക്കൾ ചെയ്യേണ്ടത്. അവർ ആവശ്യപ്പെടുന്നത് ചെയ്യുക എന്നത് ചെറിയ കാര്യമല്ല. വളരെ സീനിയറായ പലരും അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. ലാലേട്ടനൊക്കെ അങ്ങനെ ചെയ്യുന്ന ആളാണ്. അദ്ദേഹം സംവിധായകന് മുന്നിൽ സ്വയം കീഴടങ്ങുന്ന ആളാണ്. പ്രായം കൊണ്ടോ അനുഭവം കൊണ്ടോ ആകാം ലാലേട്ടൻ അതിന് തയ്യാറാകുന്നത്’.
മമ്മൂക്കയും അതുപോലെ തന്നെയാണ്. അവർ രണ്ടുപേരും സ്വയം സംവിധായകന് മുന്നിൽ കീഴടങ്ങുന്ന ആളുകളാണ്. അതാണ് ഞാൻ സിനിമയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യം. ഞാൻ അത് അവരിൽ നിന്ന് ഇതിനകം തന്നെ പഠിച്ച കാര്യവുമാണ്. ഞാൻ പല സംവിധായകരോടും ആ കാര്യം പറയാറുമുണ്ട്. ‘ഞാൻ നിങ്ങൾക്ക് മുന്നിൽ സറണ്ടറായി നിൽക്കുകയാണ്. നിങ്ങൾക്ക് എന്നെ സിനിമക്കായി പൂർണമായും ഉപയോഗിക്കാം’, ടൊവിനോ പറഞ്ഞു.
അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നരിവേട്ടയാണ് ഇനി പുറത്തിറങ്ങാനുള്ള ടൊവിനോ തോമസ് ചിത്രം. 2003 ൽ സി കെ ജാനുവിന്റെ നേതൃത്വത്തിൽ നടന്ന മുത്തങ്ങ സമരത്തിന്റെയും അതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളെയും പിൻപറ്റിയാണ് ചിത്രം കഥ പറയുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. മെയ് 23 ന് നരിവേട്ട തിയേറ്ററുകളിൽ എത്തും. യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ‘ആടു പൊൻമയിൽ’ എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. ജേക്സ് ബിജോയ് സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയത് അതുൽ നറുകര, പുലയ ട്രഡീഷണൽ, ബി കെ ഹരിനാരായണൻ എന്നിവർ ചേർന്നാണ്. അതുൽ നറുകര, ബിന്ദു ചേലക്കര എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഏറെ ശ്രദ്ധനേടിയ കടുവ സിനിമയിലെ ‘പാലാപ്പള്ളി തിരുപ്പള്ളി’, എന്ന ഗാനത്തിന് ശേഷം അതുല്‍ ആലപിച്ച ഗാനം കൂടിയാണിത്.
ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.