ഹൃദയം തൊട്ട് പ്രണവ് മോഹന്‍ലാല്‍

വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹൃദയം തിയേറ്ററുകളിലെത്തിയിരിക്കുന്നു. വിനീത് ശ്രീനിവാസന്റെ മുന്‍ ചിത്രങ്ങള്‍ പോലെ തന്നെ സംഗീതത്തിന് പ്രാധാന്യം നല്‍കിയ ചിത്രം ഒരു പ്രണയ കവിത പോലെ മനോഹരമാണ്. ക്യാമ്പസ്സും പ്രണയവുമെല്ലാം ഒട്ടേറെ പറഞ്ഞ പ്രമേയമാണെങ്കിലും ശരി ചിത്രം കണ്ടിരിക്കാനുള്ള ഘടകങ്ങളെ കൂട്ടിയിണക്കി മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് വിനീത് ശ്രീനിവാസന്‍. സംവിധായകന്റെ ഈ സിനിമയിലെ പ്രധാന ആയുധമെന്ന് പറയുന്നത് സംഗീതം തന്നെയാണ്. പശ്ചാതലസംഗീതമാകട്ടെ, സംഗീതമാകട്ടെ ചിത്രത്തോട് ചേര്‍ന്ന് തന്നെ നിര്‍ത്തി എ്ന്നുള്ളിടത്താണ് വിജയം. മൂന്ന് മണിക്കൂര്‍ സമയം ചിത്രമുണ്ടെങ്കിലൂം അത്ര ദൈര്‍ഘ്യമൊന്നും അറിയാതെ കൊണ്ടു പോകുന്നുണ്ട് സിനിമ. അരുണ്‍ ആയെത്തിയ പ്രണവിന് വലിയ വെല്ലുവിളിയല്ലെങ്കില്‍ പോലും ആ കഥാപാത്രത്തെ മികച്ചതാക്കാന്‍ താരത്തിന് കഴിഞ്ഞു. പ്രണവിന്റെ സേഫ് സോണില്‍ നില്‍ക്കുന്ന കഥാപാത്രത്തിനായി കാസ്റ്റിംഗ് നടത്തിയെന്നതിന് വിനീതിനാണ് കയ്യടിക്കേണ്ടത്. ഒരു നടനെ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നതിലാണ് സംവിധായകന്റെ വിജയം. ചെന്നൈയിലെ ജീവിതത്തിനിടെ അരുണിനെ മാറ്റുന്ന സെല്‍വന്‍ എന്ന കഥാപാത്രവും പരിസരവും പുതുമയുള്ളതായി തന്നെ അനുഭവപ്പെട്ടു. ഒരു പഴയ ഓട്ടോഗ്രാഫ് മറിച്ചു നോക്കുന്ന ഗൃഹാതുരതയോടെ ചിത്രത്തെ മാറ്റാനായി എന്നത് തന്നെയാണ് വിനീതിന്റെ പ്രത്യേകതയായി തോന്നിയത്. ആദ്യ പകുതി ക്യാംപസും, സൗഹൃദവും, പ്രണയവും ഇഥള്‍വിരിഞ്ഞപ്പോള്‍ രണ്ടാം പകുതിയില്‍ യാഥാര്‍ത്ഥ്യവും ജീവിതവുമെല്ലാം പച്ചയോടെ തന്നെ ആവിഷ്‌കരിക്കാന്‍ സാധിച്ചു.

ചിത്രത്തില്‍ ദര്‍ശന അവതരിപ്പിച്ച കഥാപാത്രം വേറിട്ടത് തന്നെയായിരുന്നു. വളരെ വികാര തീവ്രമായ രംഗങ്ങള്‍ പോലും കൈയ്യടക്കത്തോടെ അവതരിപ്പിക്കാന്‍ ദര്‍ശനക്കു സാധിച്ചിട്ടുണ്ട്. കല്യാണിയുടെ കഥാപാത്രവും ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തില്‍ കണ്ടത് പോലെയുള്ള, കുട്ടിത്തമൊക്കെ തോന്നുന്ന, എനെര്‍ജിറ്റിക്കായ കഥാപാത്രമാണ്. അരുണിന്റെ അച്ഛനായി ചിത്രത്തില്‍ എത്തുന്ന വിജയരാഘവന്‍ ചിത്രത്തില്‍ വളരെ കുറച്ചേ ഉള്ളുവെങ്കിലും, മകന്റെ മനസ്സ് അറിയുന്ന അച്ഛനാകാന്‍ ഒരൊറ്റ രംഗത്തിലൂടെ അദ്ദേഹത്തിന് സാധിച്ചു. ചുരുങ്ങിയ സംഭാഷണങ്ങളിലൂടെ ആ രംഗം പകര്‍ത്തിയ അത്തരമൊരു സംവിധാന മികവും എടുത്ത് പറയേണ്ട ഒന്നാണ്. ഹിഷാം അബ്ദുല്‍ വഹാബ് എന്ന യുവ സംഗീത സംവിധായകന്റെ ഒരു പിടി ഗാനങ്ങളും ചിത്രത്തിനു മുതല്‍ക്കൂട്ടാണ് . സന്ദര്‍ഭത്തിനനുസരിച്ചുള്ള സംഗീതം ചിത്രത്തിന്റെ ആസ്വാദന നിലവാരം കൂട്ടുന്നുണ്ട് . വിശ്വജിത് ഒടുക്കത്തിലാണ് ഛായാഗ്രാഹകന്‍. എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനര്‍- അശ്വിനി കാലെ, കോസ്റ്റ്യൂം ഡിസൈനര്‍ ദിവ്യ ജോര്‍ജ്.