ഓസ്‌കാര്‍ നോമിനേഷന്‍ യോഗ്യതാ പട്ടികയില്‍ മരക്കാറും ജയ്ഭീമും

ഓസ്‌കാര്‍ നോമിനേഷന്‍ ലഭിക്കുന്നതിന് അര്‍ഹമായ സിനിമകളുടെ ലോംഗ് ലിസ്റ്റില്‍ ഇന്ത്യയില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ജയ് ഭീം എന്നീ സിനിമകള്‍. 276 സിനിമകളാണ് നോമിനേഷന്‍ നേടുന്നതിനുള്ള ഈ പട്ടികയിലുള്ളത്. 94ാമത് അക്കാദമി അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ടതില്‍ നിന്ന് നോമിനേഷന് യോഗ്യത നേടിയ സിനിമകളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. നോമിനേഷന്‍ ലഭിക്കുന്ന സിനിമകള്‍ക്ക് മാത്രമേ ഓസ്‌കാറിനുള്ള മത്സരത്തിന്റെ ഭാഗമാകാന്‍ സാധിക്കൂ. 2022 ഫെബ്രുവരി 22നാണ് ഓസ്‌കാര്‍ നോമിനേഷന്‍ പുറത്തുവരിക.

കഴിഞ്ഞ വര്‍ഷം 366 സിനിമകളാണ് ലോകമെങ്ങുമുള്ള ഭാഷകളില്‍ നിന്ന് ഓസ്‌കാര്‍ ലോംഗ് ലിസ്റ്റിലെത്തിയത്. 2021 മാര്‍ച്ച് ഒന്നിനും ഡിസംബര്‍ 31നും ഇടയിലുള്ള സിനിമകളാണ് നോമിനേഷനില്‍ പ്രവേശിക്കാന്‍ യോഗ്യത നേടുക.

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് മരക്കാര്‍. മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍,കല്ല്യാണി പ്രിയദര്‍ശന്‍.സുഹാസിനി,സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തമിഴ്‌നാട്ടിലെ ഇരുള സമുദായത്തിലെ ജനങ്ങള്‍ അനുഭവിച്ച് പൊലീസ് ക്രൂരതയെ കുറിച്ച് പറഞ്ഞ സിനിമയാണ് ജയ് ഭീം. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ജയ് ഭീം ഒരുക്കിയിരിക്കുന്നത്. 1993ല്‍ അഭിഭാഷകനായിരിക്കെ ജസ്റ്റിസ് ചന്ദ്രു ഒരു ആദിവാസി സ്ത്രീക്ക് വേണ്ടി നടത്തിയ കേസിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ.പരിയേറും പെരുമാള്‍, വിസാരണൈ, കര്‍ണ്ണന്‍, അസുരന്‍ തുടങ്ങീ ദളിത് ജീവിതങ്ങളെ അടയാളപ്പെടുത്തിയ മനോഹരമായ ചിത്രങ്ങളുടെ പട്ടികയിലേക്ക് എടുത്തുവെയ്ക്കാവുന്ന ചിത്രമാണ് ജയ് ഭീം. സൂര്യ എന്ന താരത്തെ മുന്‍നിര്‍ത്തിയെടുത്ത ചിത്രമല്ല എന്നതും സൂപ്പര്‍ താരത്തിന് വേണ്ടി തിരക്കഥയില്‍ യാതൊരു മാറ്റവും വരുത്തിയില്ല എന്നതുമാണ് ജയ് ഭീമിനെ ശ്രദ്ധേയമാക്കുന്നത്. അരികുവത്കരിക്കപ്പെട്ട ദളിതരുടെ പൊള്ളുന്ന ജീവിതം നീറുന്ന വേദനയായി അടയാളപ്പെടുത്തുന്ന ചിത്രം നിര്‍മ്മിക്കാന്‍ സൂര്യ തന്നെ തയ്യാറായി എന്നതും എടുത്ത് പറയേണ്ടുന്ന ഒന്നാണ്.