‘ഹൃദയം’, പ്രണവിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി; ഒപ്പം പിറന്നാള്‍ ആശംസയും

 

വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ഹൃദയത്തിലെ പ്രണവിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രണവിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. മോഹന്‍ലാല്‍ പോസ്റ്റര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘ഹൃദയത്തിലെ പ്രണവിന്റെ പോസ്റ്റര്‍ പങ്കുവെക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. പിറന്നാള്‍ ആശംസകള്‍ അപ്പു. ചിത്രത്തിന്റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍’, എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം ചിത്രത്തിലെ ദര്‍ശന രാജേന്ദ്രന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഹൃദയത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ദര്‍ശന വളരെ സ്വാഭാവികമായാണ് അഭിനയിക്കുന്നത്. ഇത്തരത്തിലുള്ള അഭിനേതാക്കള്‍ക്കൊപ്പം സിനിമ ചെയ്യാന്‍ വളരെ എളുപ്പമാണെന്നും വിനീത് വ്യക്തമാക്കി. കല്ല്യാണി പ്രിയദര്‍ശന്‍ ലോക്ക്ഡൗണിന് ശേഷമാണ് ‘ഹൃദയത്തിന്റെ’ സെറ്റില്‍ ജോയിന്‍ ചെയ്തത്.

ഹൃദയത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വിനീതിന്റെയും ഭാര്യ ദിവ്യയുടെയും ജീവിതവുമായി ബന്ധപ്പെടുത്തിയാണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രം പറയുന്നത് അവരുടെ ജീവിതമല്ലെന്നും മറിച്ച് തങ്ങളുടെ കോളേജ് സമയത്തുള്ള ചില നിമിഷങ്ങളും, അനുഭവങ്ങളും ചിത്രത്തിലുണ്ടെന്നും വിനീത് അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് കൊവിഡ് കാരണം മാറ്റി വെച്ചിരുന്നു. അടുത്തിടെയാണ് ചിത്രീകരണം പൂര്‍ത്തിയായത്.

ഒരു സംവിധായകന്‍ എന്ന നിലയില്‍ പ്രണവ് മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു എന്ന വിനീത് നേരത്തെ പറഞ്ഞിരുന്നു. സെറ്റില്‍ നേരത്തെ എത്തുകയും, ഡയലോഗുകള്‍ എല്ലാം നേരത്തെ നോക്കി വ്യക്തമായി പഠിച്ച് വരുകയും ചെയ്യുമെന്നാണ് വിനീത് ശ്രീനിവാസന്‍ പ്രണവിനെ കുറിച്ച് പറഞ്ഞത്.ചിത്രത്തില്‍ നിരവധി പാട്ടുകള്‍ ഉണ്ടെന്നും വിനീത് ശ്രീനിവാസന്‍ നേരത്തെ പറഞ്ഞിരുന്നു.