
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ തേടിയെത്തിയ ആദ്യ അംഗീകാരത്തിൽ പ്രതികരിച്ച് നടി ഹണി റോസ്. 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ ‘റേച്ചൽ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ താരം, തന്റെ അഭിനയജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണിതെന്ന് പ്രതികരിച്ചു. നിലവിൽ യുഎസിലുള്ള ഹണി റോസ് അവിടെനിന്നാണ് പുരസ്‌കാര നേട്ടത്തിലുള്ള സന്തോഷം പങ്കുവെച്ചത്.
തന്റെ 21 വർഷത്തെ സിനിമാ യാത്രയിൽ ആദ്യമായാണ് ഇത്തരമൊരു വലിയ അംഗീകാരം ലഭിക്കുന്നതെന്ന് ഹണി റോസ് പറഞ്ഞു. ഒരു അഭിനേത്രി എന്ന നിലയിൽ താൻ ഏറെ ആഗ്രഹിച്ച മാനസിക സംതൃപ്തിയാണ് ഈ പുരസ്‌കാരത്തിലൂടെ ലഭിച്ചതെന്നും, റിലീസിനൊരുങ്ങുന്ന ‘റേച്ചൽ’ എന്ന സിനിമയ്ക്ക് ഈ നേട്ടം വലിയൊരു ഊർജ്ജമാകുമെന്നും താരം കൂട്ടിച്ചേർത്തു. ചിത്രത്തിലെ റേച്ചൽ എന്ന കഥാപാത്രത്തിനായി നടത്തിയ കഠിനാധ്വാനത്തിന് ലഭിച്ച ഈ അംഗീകാരം വരുംകാലങ്ങളിൽ കൂടുതൽ നല്ല വേഷങ്ങൾ ചെയ്യാൻ പ്രചോദനമാണെന്നും ഹണി റോസ് വ്യക്തമാക്കി.
“ഞാനിപ്പോൾ യുഎസിലാണുള്ളത്. ഒരു ഷോയിൽ പങ്കെടുക്കാൻ എത്തിയതാണ്. ഭയങ്കര സന്തോഷത്തിലാണ് ഞാൻ. ആദ്യമായിട്ടാണ് ഒരു അംഗീകാരം കിട്ടുന്നത്. അത് റേച്ചലിലൂടെ വന്നു എന്ന് പറയുമ്പോൾ ഭയങ്കര സന്തോഷമാണ്. റേച്ചൽ സ്ക്രീനിൽ കണ്ടപ്പോഴും, ഡബ്ബ് ചെയ്യുന്ന സമയത്തും പ്രിവ്യൂ കണ്ടപ്പോഴും ഒരു ആക്ടർ എന്ന രീതിയിൽ സാറ്റിസ്‌ഫാക്ഷൻ കിട്ടിയിരുന്നു. ഈ അംഗീകാരം എനിക്ക് ലഭിക്കാൻ കാരണമായ ഡയറക്‌ടർ ആനന്ദിനി ബാല, എബ്രിഡ് ഷൈൻ സാർ, ബാദുക്ക, രാഹുൽ മണപ്പാട് എല്ലാവരോടാണ് എനിക്ക് നന്ദി പറയാനുള്ളത്.
ഒരു പുരസ്‌കാരം ലഭിക്കുക എന്നത് ഒരു അഭിനേതാവ് എന്ന നിലയിൽ വലിയ കാര്യമാണ്. ഇത്രയും വർഷം ഇൻഡസ്ട്രിയിൽ നിന്നിട്ട് എനിക്ക് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അംഗീകാരം ലഭിക്കുന്നത്. ഒരു പുരസ്കാരം ഒക്കെ ലഭിക്കുമ്പോൾ നമുക്ക് ഫീൽ ചെയ്യുന്ന ഒരു എക്‌സ്‌പീരിയൻസ് എങ്ങനെയാണെന്നുള്ളത് ഇപ്പോഴാണ് മനസ്സിലാക്കുന്നത്. ആളുകൾ കൺഗ്രാജുലേറ്റ് ചെയ്യുന്നതുമൊക്കെ ഭയങ്കര സന്തോഷം നൽകുന്ന കാര്യമാണ്. ഒരു ആക്ടർ എന്ന നിലയിൽ എനിക്ക് തോന്നുന്നു ഇപ്പോഴാണ് ഒരു മാനസിക സംതൃപ്തി കിട്ടിയിരിക്കുന്നത്.” ഹണി റോസ് പറഞ്ഞു.
“ഇവിടുത്തെ ഷോയുടെ തിരക്കും ബഹളവുമൊക്കെയായിട്ട് ഓടി നടന്നു വന്നു കിടന്നതാണ്, ഇന്നലെ രാവിലെ ഞാൻ എഴുന്നേറ്റപ്പോഴാണ് അറിഞ്ഞത് ഇത്തവണത്തെ ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ ‘റേച്ചലി’ന് അംഗീകാരം കിട്ടി എന്ന്. അത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഒരുപാട് ഫോൺ കോളുകളും മെസ്സേജുകളും ഒക്കെ വരുന്നുണ്ട്. സിനിമ എന്നാണ് തിയറ്ററിൽ റിലീസ് എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്.
സിനിമ റിലീസ് ചെയ്യാൻ ചെറിയ താമസം നേരിട്ടതിൽ വിഷമമുണ്ട്. ഇനി ഉടൻ തന്നെ റിലീസ് ആകുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയായിരിക്കും റേച്ചൽ എന്നാണ് പ്രതീക്ഷ. ഇങ്ങനെ ഒരു പുരസ്കാരം ലഭിച്ചത് സിനിമ കാണാൻ പ്രേക്ഷകർക്ക് കൂടുതൽ പ്രചോദനം ആകട്ടെ. പുരസ്‌കാരം ലഭിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.”ഹണി റോസ് കൂട്ടിച്ചേർത്തു.