
വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിക്കുന്നുവെന്ന് നടി ഹണി റോസ്. അദ്ദേഹത്തെ വ്യക്തിപരമായി ഉപദ്രവിക്കാനോ ദ്രോഹിക്കാനോ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും മനോരമ ഓൺലൈന് നൽകിയ പ്രതികരണത്തിൽ താരം വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഒരു പ്രവർത്തിയിൽ വലിയ ബുദ്ധിമുട്ട് തോന്നിയ സാഹചര്യത്തിലാണ് താൻ നിയമപരമായി പരാതി നൽകാൻ തയ്യാറായതെന്നും ഹണി റോസ് കൂട്ടിച്ചേർത്തു. നേരത്തെ ഹണി റോസിനെതിരെ നടത്തിയ ചില പരാമർശങ്ങളിൽ ബോബി ചെമ്മണ്ണൂർ പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു താരം.
‘ആ വ്യക്തിയെ ഉപദ്രവിക്കാനോ ദ്രോഹിക്കാനോ ഉള്ള യാതൊരു ഉദ്ദേശവും നമുക്കില്ല. തുടക്കത്തില്‍ തന്നെ ഒരു ‘സോറി’ പറഞ്ഞിരുന്നെങ്കില്‍ ഈ പ്രശ്‌നം ഇത്രത്തോളം നീളില്ലായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ മാതാപിതാക്കളോട് സംസാരിച്ചു. അദ്ദേഹത്തിന്റെ ആ ഖേദപ്രകടനത്തെ ഞങ്ങള്‍ അഭിനന്ദിക്കുകയും, ആ മാപ്പപേക്ഷ സ്വീകരിക്കുകയും ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട് ബാക്കി കാര്യങ്ങള്‍ എങ്ങനെ വേണമെന്ന് ആലോചിച്ച് പിന്നീട് ഒരു തീരുമാനമെടുക്കും.’ ഹണി റോസ് പറഞ്ഞു.
ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗികച്ചുവയുള്ളതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമര്‍ശങ്ങള്‍ക്കെതിരെ ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കുകയും, ഇതിന്റെ അടിസ്ഥാനത്തില്‍ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ ഹണി റോസിനെതിരായ പരാമര്‍ശങ്ങളില്‍ പരസ്യമായി മാപ്പ് ചോദിക്കുകയായിരുന്നു ബോബി ചെമ്മണ്ണൂര്‍. തനിക്കെതിരായ നിയമനടപടികള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.
തന്റെ പ്രസ്താവനകള്‍ നടിക്കും കുടുംബത്തിനും വലിയ രീതിയില്‍ മാനസിക വിഷമം ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക മാധ്യമത്തിലൂടെയാണ് ബോബി ചെമ്മണൂര്‍ ക്ഷമാപണം നടത്തിയത്. പിന്നാലെയാണ് ഹണി റോസ് പ്രതികരിച്ചത്.