“എന്റെ വാക്കുകളുടെ പൂർണ്ണ ഉത്തരവാദിത്വം ഞാനേറ്റെടുക്കുന്നു”; ഹണി റോസിനോട് പരസ്യമായി ക്ഷമാപണം നടത്തി ബോബി ചെമ്മണൂർ

','

' ); } ?>

നടി ഹണി റോസിനോട് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യമായി ക്ഷമാപണം നടത്തി വ്യവസായി ബോബി ചെമ്മണൂർ. തന്റെ പ്രസ്താവനകൾ നടിക്കും കുടുംബത്തിനും വലിയ രീതിയിൽ മാനസിക വിഷമം ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടതായും, ഇതിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ തനിക്കെതിരെയുള്ള നിയമനടപടികൾ ഹണി റോസ് പിൻവലിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് തിരിച്ചറിഞ്ഞ് നൽകിയ ഈ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ് കേസ് പിൻവലിക്കാൻ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, വിഷയം മാനുഷിക പരിഗണനയോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും മാത്രം പെരുമാറാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും ആരെയും മനഃപൂർവം വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ ബോബി ചെമ്മണൂർ, വിവാദങ്ങൾക്കപ്പുറം പോസിറ്റീവായി മുന്നോട്ട് പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അറിയിച്ചു.

”എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, യഥാര്‍ഥത്തില്‍ ഞാന്‍ എല്ലാവരോടും ദയയോടും ബഹുമാനത്തോടും സ്‌നേഹത്തോടും പരിഗണനയോടും കൂടി മാത്രം പെരുമാറുന്ന ഒരു വ്യക്തിയാണ്. ഞാന്‍ ഒരിക്കലും മനഃപൂര്‍വം ആരെയും ഉപദ്രവിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല, ഒപ്പം സാധ്യമാകുമ്പോഴെല്ലാം മറ്റുള്ളവരെ സഹായിക്കാന്‍ എപ്പോഴും ശ്രമിക്കാറുമുണ്ട്. ഞാന്‍ എപ്പോഴെങ്കിലും സോഷ്യല്‍ മീഡിയയില്‍ തമാശകളും രസകരമായ ഉള്ളടക്കങ്ങളും പങ്കുവെക്കാറുണ്ടെന്നത് ശരിയാണ്, എന്നാല്‍ അവയൊന്നും ആരെയും അപമാനിക്കാനോ വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ ഉള്ള ഉദ്ദേശത്തോടെ ചെയ്തതല്ല.” ബോബി ചെമ്മണ്ണൂർ പറഞ്ഞു.

“ഹണി റോസിനെക്കുറിച്ച് ഞാന്‍ നടത്തിയ പ്രസ്താവനകള്‍ അവര്‍ക്കും അവരുടെ കുടുംബത്തിനും വലിയ മാനസികവിഷമം ഉണ്ടാക്കിയതായി ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. ഞാന്‍ വരുത്തിവച്ച ബുദ്ധിമുട്ടുകള്‍ക്ക് ഞാന്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകളുടെയും അവ ഉണ്ടാക്കിയ ആഘാതത്തിന്റെയും പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു.” ബോബി ചെമ്മണ്ണൂര്‍ കൂട്ടിച്ചേർത്തു.

ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗികച്ചുവയുള്ളതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമര്‍ശങ്ങള്‍ക്കെതിരെ ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കുകയും, ഇതിന്റെ അടിസ്ഥാനത്തില്‍ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഹണി റോസും ബോബി ചെമ്മണ്ണൂരും തമ്മിലുള്ള നിയമപോരാട്ടം തുടരുന്നതിനിടെയാണ് ബോബി ചെമ്മണൂര്‍ പരസ്യമായ മാപ്പപേക്ഷയുമായി എത്തിയിരിക്കുന്നത്.