തീയറ്ററിലെ 100% സീറ്റിലും ആളുകളെ പ്രവേശിപ്പിക്കരുത്; തമിഴ്നാടിനോട് കേന്ദ്രം

സിനിമ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിക്കാനാവില്ലെന്ന് തമിഴ്നാടിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ചുളള ഉത്തരവ് പിന്‍വലിക്കണമെന്ന് കേന്ദ്രം തമിഴ്നാടിനോട് ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‌ദേശങ്ങളുടെ ലംഘനമാണ് തമിഴ്നാട് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്ത് മുഖേനെ തമിഴ്നാട് സര്‍ക്കാരിനെ അറിയിച്ചു.

ഘട്ടംഘട്ടമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി, കണ്‍ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള സിനിമ തിയേറ്ററുകളില്‍ അമ്പത് ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രേക്ഷകര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളത്. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനത്തിന് കത്ത് നല്‍കി. നിയന്ത്രണങ്ങള്‍ ആഭ്യന്തര മന്ത്രാലയം ജനുവരി 31വരെ നീട്ടിയിട്ടുണ്ടെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.