‘ഹസീന്‍ ദില്‍റുബ’ ട്രെയിലര്‍…

തപ്‌സി പന്നു നായികയാവുന്ന പുതിയ ചിത്രം ഹസീന്‍ ദില്‍റുബയുടെ ട്രെയിലര്‍ പുറത്തുവിട്ടു. മലയാളിയായ വിനില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തപ്‌സിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുന്നത്. പ്രണയവും സംഘര്‍ഷവുമെല്ലാം കോര്‍ത്തിണക്കിയതാണ് ട്രെയിലര്‍. തപ്‌സിയുടെ മികച്ച പ്രകടനവും ട്രെയിലര്‍ ഉറപ്പ് നല്‍കുന്നുണ്ട്.

വിക്രാന്ത് മാസ്, ഹര്‍ഷവര്‍ധന്‍ റാണെ എന്നിവരാണ് ചിത്രത്തിലെ നായക കഥാപാത്രങ്ങളെ അവതതരിപ്പിക്കുന്നത്. ടി സീരീസ്, കളര്‍ യെല്ലോ പ്രോഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ഹസീന്‍ ദില്‍റുബ ഉടന്‍ തന്നെ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും.

അതേസമയം ലൂപ്പ് ലപേടെ എന്ന സിനിമയാണ് തപ്‌സിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത് . 1998ല്‍ റിലീസ് ചെയ്ത ജെര്‍മന്‍ സിനിമയായ റണ്‍ ലോല റണ്ണിന്റെ ഹിന്ദി റീമേക്കാണ് ലൂപ്പ് ലപേടെ. തന്റെ കാമുകനെ രക്ഷിക്കുവാന്‍ വേണ്ടി പണമുണ്ടാക്കാനുള്ള ലോല എന്ന പെണ്‍കുട്ടിയുടെ ശ്രമങ്ങളായിരുന്നു റണ്‍ ലോല റണ്ണിന്റെ കഥ.

ഫ്രാങ്ക പോറ്റെന്റേ അവതരിപ്പിച്ച ലോല എന്ന കഥാപാത്രത്തെ ആയിരിക്കും ചിത്രത്തില്‍ തപ്‌സി അവതരിപ്പിക്കുന്നത്. മോറിറ്റ്സ് അവതരിപ്പിച്ച കാമുക കഥാപാത്രമായെത്തുന്നത് താഹിര്‍ രാജാണ്. ആകാശ് ഭാട്ടിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മോഡല്‍, ചലച്ചിത്രതാരം എന്നീ നിലകളില്‍ പ്രശസ്തയാണ് തപ്സി പന്നു. ചലച്ചിത്രരംഗത്തേക്ക് വരുന്നതിന് മുന്‍പ് സോഫ്റ്റ് വെയര്‍ പ്രൊഫഷണലിസ്റ്റായിരുന്നു. ഫെമിന മിസ് ഫ്രഷ് ഫേസ്, ഫെമിന മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍ എന്നീ പുരസ്‌കാരങ്ങള്‍ നേടിയ മോഡല്‍കൂടിയാണ് .ജുമ്മാണ്ടി നാഡം എന്ന തെലുങ്ക് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ആടുകളം എന്ന തമിഴ് ചിത്രത്തിലെ അഭിനയം ഏറെ പ്രശസ്തി നേടി കൊടുത്തു. പിന്നീട് തെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.