
ദൃശ്യം 3 യുടെ പ്ലോട്ട് വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. വിദേശ വിതരണക്കാരായ ഫാർസ് ഫിലിംസിൽ നിന്നാണ് ഈ പ്ലോട്ട് വിവരണങ്ങൾ ചോർന്നതെന്നാണ് കരുതുന്നത്. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ രണ്ട് ഭാഗങ്ങളിലും പുറത്തുനിന്നുള്ള ഭീഷണികളെയാണ് ജോർജുകുട്ടി നേരിട്ടതെങ്കിൽ, മൂന്നാം ഭാഗത്തിൽ അത് കുടുംബത്തിനകത്ത് നിന്നും സ്വന്തം മനസാക്ഷിക്കുള്ളിൽ നിന്നുമുള്ള പോരാട്ടമായിരിക്കുമെന്നാണ് സൂചന. മൂവീസ് സിംഗപ്പൂരിന്റെ റിപ്പോർട്ട് പ്രകാരം ജോർജുകുട്ടി ഇത്തവണ തന്റെ കുടുംബത്തെ പുറംലോകത്തു നിന്ന് മാത്രമല്ല, ഭയപ്പെടുത്തുന്ന ആ സത്യത്തിൽ നിന്നും ആ രഹസ്യത്തിന്റെ ഭാരത്തിൽ നിന്നും കൂടിയാണ് സംരക്ഷിക്കുന്നത്.
പ്ലോട്ട് ലീക്കായതിനു പിന്നാലെ ജോർജുകുട്ടിയുടെ ഒരു മകളുടെ വിവാഹവും അതിനെത്തുടർന്ന് തെളിവുകൾ സഹിതം സത്യം വെളിപ്പെടുന്നതുമാകാം കഥയെന്ന് ചിലർ പറയുന്നു. പഴയ ആ മെമ്മറി കാർഡിലെ ദൃശ്യങ്ങളിലേക്കാണ് കഥ വീണ്ടും വിരൽ ചൂണ്ടുന്നതെന്നാണ് ചിലരുടെ കണ്ടെത്തൽ.
മോഹൻലാലിന്റേതായി സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദൃശ്യം 3’. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഏപ്രിൽ 2 ന് ആണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. മോഹൻലാലിനെ കൂടാതെ മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, ആശ ശരത്, മുരളി ഗോപി, സിദ്ദിഖ് എന്നിവരും ദൃശ്യം 3 യിൽ അഭിനയിക്കുന്നുണ്ട്.