“കുറി വരച്ചാലും കുരിശു വരച്ചാലും നിസ്കരിച്ചാലും ദൈവമൊന്നുതന്നെ, ഇടുങ്ങിയ ചിന്താഗതിയുള്ളവർ നാടിന്റെ ശാപം”; ഹരിശ്രീ യൂസുഫ്

','

' ); } ?>

മമ്മൂട്ടിക്കെതിരായ വർഗീയ പരാമർശത്തിൽ ചുട്ട മറുപടിയുമായി നടൻ ഹരിശ്രീ യൂസഫ്. ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഗുജറാത്തിൽ സ്വീകരണം ഏറ്റുവാങ്ങുന്നതിനിടെ മമ്മൂട്ടി നെറ്റിയിൽ കുറി അണിഞ്ഞതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന അധിക്ഷേപ കമന്റിലാണ് താരം ശക്തമായി പ്രതികരിച്ചത്. കുറി വരച്ചാലും കുരിശു വരച്ചാലും നിസ്കരിച്ചാലും ദൈവമൊന്നുതന്നെയെന്നും, ഇടുങ്ങിയ ചിന്താഗതിയുള്ള ഇത്തരം വിമർശകരാണ് നാടിന്റെ ശാപമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുജറാത്തിൽ അതിഥികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് മമ്മൂട്ടിക്ക് നെറ്റിയിൽ കുറി ചാർത്തിയത്. ഇതിനെതിരെ അബ്ബാസ് എന്ന വ്യക്തി നടത്തിയ അധിക്ഷേപ പരാമർശമാണ് വിവാദമായത്. കലാകാരന്മാർ മതപരമായ സങ്കുചിത ചിന്തകൾക്കപ്പുറം വിശാലമായി ചിന്തിക്കുന്നവരാണെന്ന് ഹരിശ്രീ യൂസഫ് ഓർമ്മിപ്പിച്ചു.

സമൂഹത്തിന് വേണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങളും സൗജന്യ ഹൃദയശസ്ത്രക്രിയകളും ഉൾപ്പെടെ എണ്ണമറ്റ നന്മകൾ ചെയ്യുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും, സ്വന്തം രാജ്യത്തിന്റെ നാനാത്വം മനസ്സിലാക്കാത്തവരാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ജനിച്ചു വളർന്ന് വർഗീയത പ്രചരിപ്പിക്കുന്ന ഇത്തരം പ്രവണതകൾ തിരുത്തപ്പെടണമെന്നും ഹരിശ്രീ യൂസഫ് ആവശ്യപ്പെട്ടു.

ഹരിശ്രീ യൂസുഫിന്റെ വാക്കുകൾ;

‘‘മികച്ച നടനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന് കിട്ടിയതിൽ നമ്മൾ മലയാളികൾ എല്ലാവരും ഏറെ സന്തോഷിച്ചു. അദ്ദേഹത്തിന് വേണ്ടി കയ്യടിച്ചു. പക്ഷേ, ഒരു വ്യക്തി അദ്ദേഹത്തിനെതിരെ ഒരു കമന്റിട്ടു. ഈ കമന്റിട്ടത് അബ്ബാസ് എന്ന് പറയുന്ന ഒരു വ്യക്തിയാണ്.

മമ്മൂക്ക അവാർഡ് വാങ്ങിക്കാൻ വേണ്ടി പോയപ്പോൾ അദ്ദേഹത്തിന്റെ നെറ്റിയിൽ ഒരു കുറി വരച്ചു. അപ്പോൾ അദ്ദേഹം കുറി വരക്കാൻ വേണ്ടി കുനിഞ്ഞു നിന്നു. അത് വലിയൊരു അപരാധമായിട്ടാണ് ഈ വ്യക്തിക്ക് തോന്നിയത്. മോനെ, നീ ഒരു പൊട്ടക്കിണറ്റിലെ തവളയാടാ. മമ്മൂക്ക ഒരു കലാകാരനാണ്. ഞാനും ചെറിയൊരു കലാകാരനാണ്. ഞങ്ങൾ കലാകാരന്മാർക്ക് ഇടുങ്ങിയ ചിന്താഗതിയല്ല, ഞങ്ങൾ കുറച്ചുകൂടി വിശാലമായി ചിന്തിക്കുന്ന ആളുകളാണ്. അപ്പോള്‍ നിന്നെപ്പോലെ ഇങ്ങനെ മതം മതം മതം എന്ന് പറഞ്ഞു മനസ്സിൽ കൊണ്ടുനടക്കുന്നവനൊക്കെ ഇങ്ങനെ തോന്നത്തുള്ളൂ. നീ കേട്ടിട്ടുണ്ടോ, കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ട് നിസ്കരിച്ചാലും കാണുന്നതും ഒന്ന്, കേൾക്കുന്നതും ഒന്ന്, കരുണാമയനാം ദൈവം, എന്ന് പറഞ്ഞ പാട്ടൊക്കെ നീ കേട്ടിട്ടില്ലേ.

എടാ കുരിശു വരച്ചാലും കുറി തൊട്ടാലും കുമ്പിട്ട് നിസ്കരിച്ചാലും എല്ലാം ദൈവത്തോടുള്ളതാണ്. നമ്മുടെ സൃഷ്ടാവിനോടുള്ള സ്നേഹമാണ് കാണിക്കുന്നത്. മോനെ വലിയ ഹോട്ടലിൽ പോകുമ്പോൾ അവര്‍ അതിഥികളെ സ്വീകരിക്കുന്ന ഒരു രീതിയാണ് അത്. അതിഥികൾ വരുമ്പോൾ ഒരു പൂച്ചെണ്ട് കൊടുത്ത്, നെറ്റിയിൽ ഒരു കുറിയൊക്കെ വരച്ചിട്ടാണ് സ്വീകരിച്ച് അകത്തേക്ക് കയറ്റുന്നത്.

ലോക മലയാളികൾ എല്ലാവരും ആദരിക്കുന്ന, ബഹുമാനിക്കുന്ന ഇത്രയും കഴിവുള്ള, ഇത്രയും നേട്ടങ്ങൾ നമ്മുടെ നാടിന് നേടിത്തന്ന, നാല് പ്രാവശ്യം ദേശീയവാർഡ് കിട്ടിയ ആ വ്യക്തിയെയാണ് നീ ഇങ്ങനെയൊക്കെ ചീത്ത വിളിച്ചത്. അബ്ബാസേ ആ വ്യക്തി എന്തൊക്കെ നന്മകൾ നമ്മുടെ സമൂഹത്തിന് വേണ്ടി ചെയ്യുന്നുണ്ട്. അദ്ദേഹം രക്ഷാധികാരിയായിട്ടുള്ള സംഘടനകൾ, എന്തോരം ചാരിറ്റി പ്രവർത്തനങ്ങൾ ഇവിടെ നടത്തുന്നുണ്ട്. എത്രയോ കുട്ടികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ അദ്ദേഹം ചെയ്തു കൊടുത്തു.എന്തെങ്കിലും ഒരു ഉപകാരം നിന്നെ കൊണ്ട് ഈ നാടിനുണ്ടാവുമോ എന്നെങ്കിലും, ഇല്ല.

നിന്നെപ്പോലെയുള്ളവന്മാർ കമന്റ് ബോക്സിൽ വന്ന് തന്തയ്ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക, മതത്തിനെ കൂട്ടുപിടിക്കുക, ഇതൊക്കെയാണ് പറ്റുക. മതം വേണം, എന്തിനാണ് മതം? മനുഷ്യന്മാർ തമ്മിൽ തല്ലാനല്ല. മതം എന്ന് പറഞ്ഞാൽ മനുഷ്യനെ നന്നാകാൻ വേണ്ടിയാണ്. അബ്ബാസേ മോന്റെ ചിന്താഗതി വച്ച് ഏറ്റവും ഇണങ്ങുന്ന രാജ്യം താലിബാനാ. അവിടെ മോന്റെ ചിന്താഗതിയാ. മോനോട് അങ്ങോട്ട് പോകാൻ ഞാൻ പറയുന്നില്ല. കാരണം അങ്ങോട്ട് പോയാൽ നിന്നെ കേറ്റത്തില്ല.

നീ ഇന്ത്യയിൽ തന്നെ ജീവിക്കണം കാരണം ഇന്ത്യയിലാണ് നീ ജനിച്ചു വളർന്നത്. അങ്ങോട്ട് നീ പൊയ്ക്കോണം എന്ന് പറയാൻ ഞാൻ അത്ര മണ്ടനും അല്ല. പക്ഷേ നിന്റെ സ്വഭാവം അനുസരിച്ച് പറഞ്ഞെന്നേയുള്ളൂ. മോനെ ഇത് ഇന്ത്യ മഹാരാജ്യമാടാ. സത്യത്തിൽ നിന്നെപ്പോലെ ചിന്തിക്കുന്നവരാണ് ഇവിടെ വർഗീയത ഉണ്ടാക്കുന്നത്. മേലിൽ ഇങ്ങനെ ഒന്നും ചെയ്യരുത്.’’