
പ്രൊഡക്ഷൻ കൺട്രോളർ എൻ.എം. ബാദുഷയുമായുള്ള അസ്വാരസ്യങ്ങൾ സംസാരിച്ച് പരിഹരിച്ചുവെന്ന് നടൻ ഹരീഷ് കണാരൻ. കൊച്ചിയിൽ വെച്ച് മാധ്യമപ്രവർത്തകർ ഇരുവരും തമ്മിലുള്ള തർക്കങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ബാദുഷയെ ഒപ്പം നിർത്തിക്കൊണ്ടുള്ള ഹരീഷിൻ്റെ വിശദീകരണം.
“ഞങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങളും പരിപാടികളുമൊക്കെ ഞങ്ങൾ സംസാരിച്ച് ക്ലിയർ ചെയ്‌തിട്ടുണ്ട്. ഇനി ദയവ് ചെയ്‌ത് ‘ബട്ട് ക്യാഷ്’ വേണ്ട, ആ വിഷയം ഇവിടെ കഴിഞ്ഞു,” ഹരീഷ് കണാരൻ പറഞ്ഞു.
മുൻപ് കൊച്ചിയിൽ നടന്ന ഒരു വിവാഹച്ചടങ്ങിനിടെ ഇരുവരും കണ്ടുമുട്ടുകയും ഹരീഷിൻ്റെ ഫ്ലാറ്റിൽ വെച്ച് നടത്തിയ ചർച്ചയിൽ സാമ്പത്തിക കാര്യങ്ങളിലെ തെറ്റിദ്ധാരണകൾ പരിഹരിച്ച് പുതിയ ധാരണയിലെത്തുകയും ചെയ്തിരുന്നു. തങ്ങൾക്കിടയിലെ പ്രശ്‌നങ്ങൾ ചർച്ചയാക്കി മാറ്റാൻ ശ്രമിച്ചവർക്കുള്ള മറുപടി കൂടിയായിരുന്നു മാധ്യമങ്ങൾക്ക് മുന്നിലെ ഇരുവരുടെയും ഒത്തുചേരൽ.
പ്രൊഡക്ഷൻ കൺട്രോളർ എൻ.എം. ബാദുഷ തന്നിൽ നിന്ന് 20 ലക്ഷം രൂപ കടം വാങ്ങി വഞ്ചിച്ചെന്നും, പണം തിരികെ ചോദിച്ചപ്പോൾ ‘അജയൻ രണ്ടാം മോഷണം’ ഉൾപ്പെടെയുള്ള സിനിമകളിൽ നിന്ന് തന്നെ ഒഴിവാക്കാൻ ഇടപെട്ടെന്നും ഹരീഷ് കണാരൻ ആരോപിച്ചതോടെയാണ് ഈ വിവാദത്തിന് തുടക്കമായത്. എന്നാൽ താൻ 14 ലക്ഷം രൂപ മാത്രമാണ് വാങ്ങിയതെന്നും അതിൽ പകുതിയും ഡേറ്റ് ഹാൻഡിലിംഗ് പ്രതിഫലവും നൽകി തീർത്തതാണെന്നും, ഹരീഷ് കൂടുതൽ പ്രതിഫലം ചോദിച്ചതുകൊണ്ടാണ് സിനിമയിൽ നിന്ന് മാറിയതെന്നുമാവയിരുന്നു ബാദുഷയുടെ മറുപടി.
സിനിമാ വൃത്തങ്ങളിൽ വലിയ ചർച്ചയായ ഈ സാമ്പത്തിക-അവസര നിഷേധ തർക്കങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ബാദുഷയെ സൈബർ ആക്രമണം ചെയ്യുന്നത് പതിവാവുകയും ചെയ്തിരുന്നു. ബാദുഷ എന്ത് പോസ്‌റ്റ് പങ്കുവച്ചാലും ‘ഓക്കേ ബട്ട് ക്യാഷ്’ എന്ന കമന്റ് ചെയ്തായിരുന്നു ആളുകളുടെ ആക്രമം.