
പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സഹ ഉടമയും സൺ ടിവി നെറ്റ്വർക്ക് എക്സിക്യൂട്ടീവ് ഡയറക്ടറുമായ കാവ്യ മാരനും തമ്മിൽ വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ. പ്രചരിക്കുന്ന വാർത്തകൾ ശരിവെക്കുന്ന രീതിയിലുള്ള നടൻ വൈ.ജി. മഹേന്ദ്രയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ ഇതിനോടകം ചർച്ചയായിട്ടുണ്ട്. ഇരുവരുടെയും വിവാഹ വാർത്തകളെ ഏറെക്കുറെ ശരിവയ്ക്കുന്ന രീതിയിലാണ് അനിരുദ്ധിന്റെ ബന്ധു കൂടിയായ അദ്ദേഹം സംസാരിച്ചത്.
“ഞാൻ കേട്ടതനുസരിച്ച് അവർ വിവാഹിതരാവാനൊരുങ്ങുകയാണ്. ആ പെൺകുട്ടി ഒരു സാധാരണക്കാരിയല്ല. സൺറൈസേഴ്സ് ഹൈദരാബാദിനെ പോലൊരു വലിയ ടീമിനെ നയിക്കാനുള്ള ശേഷി അവൾക്കുണ്ട്. അവർ മികച്ച ജോഡിയാണ്. രണ്ടുപേരും ഒന്നിക്കുകയും സംഗീത ബിസിനസ് ആരംഭിക്കുകയും ചെയ്യണം.” വൈ.ജി. മഹേന്ദ്ര പറഞ്ഞു.
ഏറെ നാളുകളായി ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിലും സിനിമാ-ക്രിക്കറ്റ് ലോകത്തും ശക്തമായി പ്രചരിക്കുന്നുണ്ടായിരുന്നു.
നേരത്തെ ഈ വിഷയത്തിൽ കാവ്യ മാരനോ അനിരുദ്ധോ ഔദ്യോഗികമായി യാതൊരു പ്രതികരണവും നടത്താതിരുന്നതിനാൽ ആരാധകർക്കിടയിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാൽ അനിരുദ്ധിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള വൈ.ജി. മഹേന്ദ്രയുടെ പുതിയ വെളിപ്പെടുത്തൽ വാർത്തകൾക്ക് വലിയ രീതിയിലുള്ള വിശ്വാസ്യതയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.
തമിഴ് ചലച്ചിത്രമേഖലയിലെ മുൻനിര സംഗീതസംവിധായകരിൽ ഒരാളായ അനിരുദ്ധ് സിനിമാ മേഖലയുമായി അടുത്ത ബന്ധമുള്ള കുടുംബത്തിൽ നിന്നുള്ളയാളും തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിൻ്റെ ബന്ധു കൂടിയുമാണ്. ബിസിനസുകാരനായ കലാനിധി മാരന്റെ മകളാണ് കാവ്യ മാരൻ. സൺറൈസേഴ്സ് ഹൈദരാബാദിന് പുറമേ, SA20-ൽ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിന്റെയും ദി ഹണ്ട്രഡിൽ സൺറൈസേഴ്സ് ലീഡ്സിന്റെയും സഹ ഉടമ കൂടിയാണ് കാവ്യ.