വിജയസാരഥിക്ക് പിറന്നാള്‍, വിവാഹവാര്‍ഷിക ആശംസകള്‍

തന്റെ സന്തതസഹചാരിയായ ആന്റണിപെരുമ്പാവൂരിന് പിറന്നാള്‍, വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് താരം പ്രിയസുഹൃത്തിന് ആശംസയുമായെത്തിയത്. മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും കൈകോര്‍ക്കുന്ന ‘മരയ്ക്കാര്‍ അറബികടലിന്റെ സിംഹം’ ആശീര്‍ വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ മോഹന്‍ ലാലിനെ നായകനാക്കി നിര്‍മ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ്.

മലയാള സിനിമയുടെ ബോക്‌സോഫീസ് ചരിത്രങ്ങളെ പുതുക്കിപണിത ‘നരസിംഹം’, ബോക്‌സോഫീസിനെ ആദ്യമായി 50 കോടി ക്ലബില്‍ കയറ്റിയ ‘ദൃശ്യം’ ബോക്‌സോഫീസിനെ വീണ്ടും 50 കോടിപുതപ്പിച്ച ‘ഒപ്പം’ തുടങ്ങിയ മോഹന്‍ലാലിന്റെ മികച്ചഹിറ്റുകള്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണിപെരുമ്പാവൂര്‍ നിര്‍മ്മിച്ചവയായിരുന്നു. ‘ഒടിയന്‍’, ‘ലൂസിഫര്‍’ എന്നീ വിജയസിനിമകള്‍ക്ക് ശേഷമാണ് ആന്റണിപെരുമ്പാവൂര്‍ മോഹന്‍ലാല്‍ ടീമിന്റെ 25-ാമത്തെ ചിത്രമായ അറബികടലിന്റെ സിംഹം വരുന്നത്. ആശിര്‍വാദിന്റെ ആദ്യചിത്രമായ നരസിഹം മലയാളസിനിമയെ ഉഴുതുമറിച്ച വിജയമായിരുന്നു നേടിയത്. എന്നാല്‍ നരസിഹം എന്ന പേരുപോലെ മോഹന്‍ലാല്‍-ആന്റണിപെരുമ്പാവൂര്‍ ടീമിന്റെ 25-ാമത്തെ ചിത്രമായ അറബികടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പേരിലും അവസാനം ‘സിംഹം’ കടന്നുവരുന്നുണ്ടെന്നത് യാദൃശ്ചികതയാവാം.