അവതാരങ്ങള്‍ പിറവിയെടുക്കുന്നത് ശുദ്ധീകരിക്കാന്‍ കൂടിയാണ്….ലാലേട്ടന് പിറന്നാള്‍ ആശംസകളുമായി സിനിമ ലോകം

ലലേട്ടന് പിറന്നാള്‍ ആശംസകളുമായി ആരാധകരും സഹപ്രവര്‍ത്തകരും.സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേരള സോഷ്യല്‍ സെക്യൂരിറ്റി മുന്‍ തയ്യാറാക്കിയ ദൃശ്യം മോഡല്‍ ബ്രേക്ക് ദി ചെയിന്‍ വീഡിയോ പങ്കുവെച്ചാണ് സംവിധായകന്‍ ജീത്തു ജോസഫ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

‘സുരക്ഷിതരാവാം. കോവിഡില്‍ നിന്നും നമ്മുടെ കുടുംബത്തെ രക്ഷിക്കാം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ തയ്യാറാക്കിയത്. ലാലേട്ടന് പിറന്നാള്‍ ആശംസകള്‍.’ എന്നാണ് ജീത്തു ജോസഫ് കുറിച്ചത്.

വീഡിയോയില്‍ തന്റെ കുടുംബത്തെ നശിപ്പിക്കാനെത്തിയ കൊവിഡിനെ എങ്ങിനെ ജോര്‍ജ്കുട്ടി നേരിട്ടുവെന്നാണ് പറയുന്നത്.

പിറന്നാള്‍ ആശംസകള്‍ ലാല്‍ എന്നാണ് മോഹന്‍ ലാലിനൊപ്പമുളള
ചിത്രം പങ്കുവെച്ച് മമ്മൂട്ടി കുറിച്ചത്.

ഇത് ലൂസിഫറിന്റെ ആദ്യ ദിനത്തില്‍ നിന്നുമാണ്. പകര്‍ച്ചവ്യാധി ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ ഇപ്പോള്‍ എമ്പുരാന്‍ ഷൂട്ട് ചെയ്യുകയാവും. എത്രകുയും വേഗം അതിന് സാധിക്കട്ടെ. ഹാപ്പി ബര്‍ത്ത്‌ഡേ സ്റ്റീഫന്‍, ഹാപ്പി ബര്‍ത്ത്‌ഡേ അബ്രാം,ഹാപ്പി ബര്‍ത്ത്‌ഡേ ലാലേട്ടാ. എന്നാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

രണ്ടാം കോവിഡ് തരംഗം സജീവമായി നില്‍ക്കുന്ന സമയത്താണ് മോഹന്‍ലാലിന്റെ ജന്മദിനം വരുന്നത്. ലോക്ക്ഡൗണ്‍ തുടങ്ങുന്നതിന് മുന്‍പ് വാട്‌സാപ്പില്‍ വന്ന ഒരു സന്ദേശത്തില്‍ ഈ സമയത്ത് കണ്ടാസ്വദിക്കാനുള്ള 100 മോഹന്‍ലാല്‍ സിനിമകളുടെ ലിസ്റ്റ് ഉണ്ടായിരുന്നു. വെറുതെ ആ ചിത്രങ്ങളുടെ പേരുകളിലൂടെ ഒന്ന് കണ്ണോടിച്ചപ്പോഴാണ് ആ മഹാനടന്‍ ചെയ്തു വെച്ചിരിക്കുന്ന അഭിനയവൈവിധ്യത്തിന്റെ വലിയ ശേഖരം കണ്ട് ഞെട്ടിയത്. ഒരു നടന്‍ എന്ന നിലയില്‍ ഇനി എന്താണ് മോഹന്‍ലാലില്‍ നിന്നും പ്രതീക്ഷിക്കേണ്ടത് എന്ന സംശയം പണ്ടും ഉണ്ടായിട്ടുണ്ട്. എന്നാല്‍ എപ്പോഴൊക്കെ അങ്ങനെ തോന്നിയിട്ടുണ്ടോ അടുത്ത നിമിഷം പുതിയൊരു ചിത്രത്തില്‍ പുതിയൊരു ഭാവവുമായി വന്ന് ഈ നടന്‍ നമ്മെ വിസ്മയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവതാരങ്ങള്‍ പിറവിയെടുക്കുന്നത് ശുദ്ധീകരിക്കാന്‍ കൂടിയാണ്. നടനത്തിലൂടെ മോഹന്‍ലാല്‍ ചെയ്തതും അതാണ്. ഈ നടന്റെ ഒരു ചിത്രം കണ്ട് കഴിയുമ്പോള്‍ ഏത് വിധത്തിലാണോ നാം നവീകരിക്കപ്പെടുന്നത് അതേ അളവില്‍ ശുദ്ധീകരിക്കപ്പെടുകയും വിമലീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പ്രത്യാശയുടെ കിരണങ്ങള്‍ക്കായി എല്ലാവരും ഉറ്റുനോക്കുന്ന ഈ മഹാമാരി കാലത്ത് ഉള്ള് തുറന്ന് ചിരിക്കാനും കരയാനും സ്‌നേഹിക്കാനും നൊമ്പരപ്പെടുത്താനുമൊക്കെ ഈ നടന്റെ അഭിനയമുഹൂര്‍ത്തങ്ങള്‍ നമ്മെ സഹായിക്കുന്നുണ്ട്. സുഹൃത്ത്, സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമല്ല ഒരു സംവിധായകന്‍ എന്ന നിലയില്‍ കൂടി ഞാനറിഞ്ഞ മോഹന്‍ലാല്‍ സ്വയം നവീകരിക്കാനുള്ള വെല്ലുവിളിയായും എനിക്ക് മുമ്പില്‍ ഉയര്‍ന്ന് നില്‍ക്കുന്നു. ഫാന്‍സുകാര്‍ ഇട്ട കമന്റ് നൂറ് ശതമാനം ശരിയാണ്. നാളെ സൂര്യനുദിക്കുന്നത് അല്പം ഇടത്തോട്ട് ചെരിഞ്ഞ്, മീശ പിരിച്ചായിരിക്കും. മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണ് സംവിധായകന്‍ ഷാജി കൈലാസ് കുറിച്ചത്.

ജീവന്റേയും ജീവിതത്തിന്റെയും ഭാഗമായ ലാല്‍ സാറിന് ആയൂരാരോഗ്യ സൗഖ്യങ്ങള്‍ നേര്‍ന്ന് കൊണ്ട് ഒരായിരം ജന്മദിനാശംസകള്‍… ഇനിയും ഒരുപാട് വിസ്മയങ്ങള്‍ സമ്മാനിക്കാന്‍ ലാല്‍ സാറിന് കഴിയട്ടെ എന്ന പ്രാര്‍ഥനയോടെ, എന്റെയും കുടുംബത്തിന്റെയും സ്‌നേഹാശംസകള്‍..
എന്നാണ് ആന്റണി പെരുമ്പാവൂര്‍ കുറിച്ചത്‌.