എന്തൊരു സുന്ദരിയാണ് ശോഭന ഇപ്പോഴും, സുരേഷ് ഗോപിയുടെ നല്ലൊരു തിരിച്ചു വരവായിരിക്കും-ഭാഗ്യലക്ഷ്മി

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അനൂപ് സത്യന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ചിത്രത്തില്‍ ശോഭനയും സുരേഷ് ഗോപിയും കല്ല്യാണി പ്രിയദര്‍ശനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശോഭന അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിനായി ശബ്ദം നല്‍കുന്നത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ്. ചിത്രത്തിന്റെ ഡബ്ബിങ്ങിനെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഭാഗ്യലക്ഷ്മി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഭാഗ്യലക്ഷ്മി തന്റെ അനുഭവം വിവരിക്കുന്നത്.

ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് :

ഒരു നീണ്ട ഇടവേളക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും അഭിനയിക്കുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. സംവിധായകന്‍ അനൂപ് സത്യന്‍…(സത്യന്‍ അന്തിക്കാടിന്റെ മകന്‍) നാല്‍പ്പതു വര്‍ഷത്തെ ഡബ്ബിങ് ജീവിതത്തില്‍ ഒരു സിനിമയ്ക്ക് ഡബ്ബിങ് ചെയ്യാന്‍ പോകുമ്പോള്‍ സംവിധായകര്‍ വിശദമായി കഥ പറഞ്ഞു തരുന്ന കീഴ് വഴക്കം അപൂര്‍വമാണ്..മൈക്കിന് മുമ്പില്‍ നില്‍ക്കുമ്പോള്‍ ചെറുതായി ഒന്ന് സന്ദര്‍ഭം പറഞ്ഞു തരും അത്ര തന്നെ..

പക്ഷേ ഈ സിനിമയ്ക്ക് ശോഭനയ്ക്ക് ഡബ്ബിങ് ചെയ്യാന്‍ ഞാന്‍ കൊച്ചിയില്‍ പോയപ്പോള്‍ കഥ കേള്‍ക്കാന്‍ ഞാന്‍ സ്റ്റുഡിയോയില്‍ ചെല്ലാം എന്ന് പറഞ്ഞു. പക്ഷേ സംവിധായകന്‍ അനൂപ് ഹോട്ടലില്‍ വന്നാണ് കഥ പറഞ്ഞു തന്നത്… അഭിനയിക്കുന്ന വ്യക്തിക്ക് പറഞ്ഞു കൊടുക്കുന്ന അതേ പോലെ സീന്‍ ബൈ സീന്‍ ആയി വളരെ വിശദമായിട്ട്..ഒരു കലാകാരനെ/കലാകാരിയെ ബഹുമാനിക്കുന്ന യുവ തലമുറയെ ഞാനും ബഹുമാനത്തോടെ നോക്കി..

കുറേ കാലത്തിനു ശേഷമാണ് ഉടനീളമുളള ഒരു നല്ല കഥാപാത്രത്തിന് ഡബ്ബ് ചെയ്യുന്നത്. അതിന്റെ ഒരു സന്തോഷം എനിക്കുമുണ്ടായിരുന്നു.. സത്യേട്ടനെ പോലെ തന്നെ അനൂപും.. നന്നായി ഡബ്ബ് ചെയ്താല്‍ അസ്സലായി അടിപൊളി എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നത് വല്ലാത്ത ഉത്സാഹം തരുന്നുണ്ടായിരുന്നു..

ശോഭന എന്തൊരു സുന്ദരിയാണ് ഇപ്പോഴും..സുരേഷ് ഗോപിയുടെ നല്ലൊരു തിരിച്ചു വരവായിരിക്കും ഈ സിനിമ…നമ്മള്‍ അദ്ദേഹത്തെ വല്ലാതെ ഇഷ്ടപ്പെട്ടു പോകും..

നല്ലൊരു സിനിമ..