‘ചങ്കൂറ്റവും ഗ്രേസും വേണം’, ദീപികയെ പിന്തുണച്ച് അമല്‍ നീരദ്

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത ബോളിവുഡ് താരം ദീപിക പദുകോണിന് അഭിവാദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അമല്‍ നീരദ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ചപ്പാക്ക്’ പ്രചാരണത്തിന്റെ ഭാഗമായി ദില്ലിയില്‍ എത്തിയപ്പോഴാണ് ദീപിക ജെഎന്‍യു വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഇതിന്റെ പശ്ചാത്തലത്തില്‍ ദീപിക നായികയായെത്തുന്ന ‘ചപ്പാക്ക്’ ബോയ്‌കോട്ട് ചെയ്യണം എന്ന് ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍ നടത്തിയിരുന്നു. നിരവധിപ്പേരാണ് ദീപികയ്ക്ക് പിന്തുണയുമായെത്തിയിരിക്കുന്നത്. സംവിധായകനും നിര്‍മ്മാതാവുമായ അമല്‍ നീരദും ദീപികയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.

അമല്‍ നീരദിന്റെ പോസ്റ്റ്…

‘ചപ്പാക്കിന്റെ റിലീസിന് മുന്നോടിയായി, മേഘ്‌ന ഗുല്‍സറിനും ദീപിക പദുക്കോണിനും ഞാന്‍ ഹൃദയപൂര്‍വ്വമായ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ഈ രണ്ട് സ്ത്രീകളുടെയും ഒരു വലിയ ആരാധകനാണ് ഞാന്‍. ‘തല്‍വാര്‍’ എന്ന ചിത്രം അതിന്റെ ബ്രില്ല്യന്‍സ് കൊണ്ട് സ്‌നേഹം പിടിച്ചു പറ്റുന്നുണ്ടെങ്കില്‍, ‘റാസി’യോളം എന്നിലെ ദേശസ്‌നേഹിയെ ഇത്രമേല്‍ തിരിച്ചറിയാന്‍ സഹായിച്ച മറ്റൊരു ഓര്‍മിക്കാന്‍ കഴിയുന്നില്ല.

ദീപികയുടെ സിനിമകള്‍ അടുത്ത് ഫോളോ ചെയ്യന്ന ആളാണ് ഞാന്‍. ‘ഓം ശാന്തി ഓം’ മുതല്‍ ‘പിക്കു’ വരെ എല്ലാം ഇഷ്ടപ്പെട്ടു ‘ദം മാരോ ദം,’ ‘റാബ്ത’ എന്നീ സിനിമകളുടെ പാട്ടുകളിലെ അവരുടെ അതിഥികള്‍ ഉള്‍പ്പെടെ. വിഷാദരോഗവുമായുള്ള പോരാട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയും അത് ലോകത്തിനു എടുത്തുകാട്ടാനും ബോധവല്‍ക്കരിക്കാനും ചെയ്യാനും ദീപിക പലരേയും പ്രചോദിപ്പിക്കുകയും ചെയ്തപ്പോള്‍, അവരുടെ ആരാധകനായി ഞാന്‍ അഭിമാനം കൊണ്ടു. ഒരു നിര്‍മ്മാതാവെന്ന നിലയില്‍ തന്റെ ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് രണ്ട് ദിവസം മുന്‍പ് ജെഎന്‍യു വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എടുത്ത തീരുമാനം അവര്‍ക്ക് എളുപ്പമായിരുന്നിരിക്കില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ചങ്കൂറ്റവും ഗ്രേസും വേണം അതിന് സിനിമ ഇഷ്ടപ്പെടുന്ന എല്ലാവരും തിയേറ്ററുകളിലേക്ക് എത്തണം എന്നും ഈ വെള്ളിയാഴ്ച്ച ‘ചപ്പാക്ക്’ കാണണം എന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,’ എന്ന് അമല്‍ നീരദ് ഫേസ്ബുക്കില്‍ പറഞ്ഞു.