കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ (105) അന്തരിച്ചു. കൊയിലാണ്ടിയില്‍ ചേലിയയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. കഥകളിക്കായി സ്വയം സമര്‍പ്പിച്ച ഗുരു എട്ട് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിന് ശേഷമാണ് അരങ്ങൊഴിഞ്ഞത്. 100 വയസിന് ശേഷവും പല വേദികളിലും കഥകളി വേഷം കെട്ടിയിരുന്നു. അരങ്ങില്‍ പകര്‍ന്നാടിയ ഗുരുവിന്റെ കൃഷ്ണ, കുചേല വേഷങ്ങള്‍ ആസ്വാദകര്‍ക്ക് എന്നും പ്രിയങ്കരമായിരുന്നു. കഥകളിയുടെ വടക്കന്‍രീതിയായ കല്ലടിക്കോടന്‍ ചിട്ടയുടെ പ്രചാരകരില്‍ പ്രധാനിയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന അതുല്യ പ്രതിഭയായ അദ്ദേഹം ഉത്തര മലബാറിലെ കഥകളി രംഗത്തെ പുനരുജ്ജീവിപ്പിച്ച ആചാര്യനായിരുന്നു. കഥകളി, കേരള നടനം എന്നിവയിലെ അസാമാന്യ പ്രതിഭയായിരുന്നു അദ്ദേഹം. 2017 ല്‍ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നല്‍കി ആദരിച്ചു. 1979ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 1999ല്‍ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, 2001ല്‍ കലാരംഗത്തെ വിശിഷ്ടസേവനത്തിന് കലാമണ്ഡലം അവാര്‍ഡ്, 2002ല്‍ കലാദര്‍പ്പണം നാട്യ കുലപതി അവാര്‍ഡ്, മയില്‍പ്പീലി പുരസ്‌കാരം, കേരള കലാമണ്ഡലം കലാരത്‌നം അവാര്‍ഡ് തുടങ്ങിയവയാണ് ലഭിച്ച മറ്റ് അംഗീകാരങ്ങള്‍.
ഗുരുവിനെ മുഖ്യകഥാപാത്രമായി നിര്‍മിച്ച സിനിമയാണ് മുഖംമൂടികള്‍. ജീവിതം മുഴുവന്‍ കഥകളിക്കായി ഉഴിഞ്ഞുവെച്ച കഥകളിയാചാര്യനായിട്ടാണ് അദ്ദേഹം വേഷമിട്ടത്. ഗുരുവിന്റെ ആത്മകഥയ ജീവിത രസങ്ങള്‍ എന്ന പേരിലാണിറങ്ങിയത്. ആദ്യം നൃത്ത പഠനത്തില്‍ തുടങ്ങി. ഭരത ഭരതനാട്യവും മോഹിനിയാട്ടവും കഴിഞ്ഞ് കഥകളി പഠനത്തിലായി പിന്നീട് ശ്രദ്ധ. പത്തു കൊല്ലം കേരളസര്‍ക്കാര്‍ നടനഭുഷണം എക്‌സാമിനറായും മൂന്നു വര്‍ഷം തിരുവനന്തപുരം ദൂരദര്‍ശന്‍ നൃത്തവിഭാഗം ഓഡീഷന്‍ കമ്മിറ്റി അംഗമായും രണ്ടു വര്‍ഷം സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായും സേവനമനുഷ്ടിച്ചു. കൃഷ്ണനാണ് ഇഷ്ടവേഷം. ദുര്യോധന വധം, കുചേലവൃത്തം, സന്താനഗോപാലം, രുക്മിണീസ്വയംവരം തുടങ്ങിയ കഥകളില്‍ കൃഷ്ണനായി അവതരിച്ച് കുഞ്ഞിരാമന്‍ നായര്‍ കലാപ്രേമികളുടെ ഹൃദയംകവര്‍ന്നു. 1983 ഏപ്രില്‍ 23ന് ചേലിയയില്‍ കഥകളിയുടെ പോഷണത്തിന് കഥകളിവിദ്യാലയം സ്ഥാപിച്ചു.മടന്‍കണ്ടി ചാത്തുകുട്ടി നായരുടേയും അമ്മുക്കുട്ടിയമ്മയുടെയും പുത്രനായി 1916 ജൂണ്‍ 26നാണ് ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ ജനനം. കഥകളിക്ക് പുറമെ കേരള നടനമെന്ന കലാരൂപത്തിന് പ്രചാരം നല്‍കുന്നതിലും ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ പ്രധാന പങ്കാണ് വഹിച്ചത്.