തളരാതിരുന്ന കണ്ണമ്മയെ നിങ്ങള്‍ കരയിച്ചു…

അയ്യപനും കോശിയും എന്ന ചിത്രത്തിലൂടെ കണ്ണമ്മയായെത്തിയ ഗൗരി നന്ദ സച്ചിയുടെ വിയോഗം തീര്‍ത്ത ശൂന്യതയിലെഴുതിയ കുറിപ്പ് ഹൃദയസ്പര്‍ശിയാകുന്നു. ‘എന്റെയുള്ളിലെ കലാകാരിയെ ലോകത്തിന് മുമ്പില്‍ കാണിച്ചു കൊടുക്കാന്‍ സച്ചിയേട്ടാ നിങ്ങള്‍ തന്നെ വേണ്ടി വന്നു …പക്ഷേ ഒരിക്കലും എന്തൊക്കെ ജീവിതത്തില്‍ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങള്‍ കരയിച്ചു.’ ഗൗരി എഴുതുന്നു. ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം…

എന്റെ ലക്ഷ്യത്തിലെത്താന്‍ ഉള്ള ആ വലിയ പടികള്‍ ഒരിക്കലും എന്തൊക്കെ സംഭവിച്ചാലും തകരാത്ത അത്ര ബലമുള്ളത് നിര്‍മ്മിച്ച് അതില്‍ എന്നെ കയറ്റി നിര്‍ത്തി നീ ഇനി ധൈര്യമായി മുന്‍പോട്ടു പൊക്കോ എന്നും പറഞ്ഞ് അതിലൂടെ എന്നെ നടത്തിച്ചു .. നിന്റെ എല്ലാം ഉയര്‍ച്ചകളും കാണാന്‍ ഞാന്‍ ഇവിടെ ഉണ്ട് എന്ന് പറഞ്ഞിട്ട് ? ……എപ്പോഴും പറയുന്ന വാക്കുകള്‍ ‘ ടാ നീ രക്ഷപെടും ‘ …ശരിയാ എന്നെ രക്ഷപെടുത്താന്‍ ആരും അറിയാതിരുന്ന എന്റെയുള്ളിലെ കലാകാരിയെ ലോകത്തിന് മുമ്പില്‍ കാണിച്ചു കൊടുക്കാന്‍ സച്ചിയേട്ടാ നിങ്ങള്‍ തന്നെ വേണ്ടി വന്നു …പക്ഷേ ഒരിക്കലും എന്തൊക്കെ ജീവിതത്തില്‍ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങള്‍ കരയിച്ചു അവളുടെ മരണംവരെ … ഇനിയും എന്നെ പോലെ ഉള്ളവരെ അവരുടെ സ്വപ്നങ്ങളില്‍ എത്തിക്കാന്‍ ഉളള കൈകള്‍ ആയിരുന്നില്ലേ അത് എന്തിനാ ഇത്ര വേഗത്തില്‍ പോയേ ?…എല്ലാവരും പറയുന്നു നന്മയുള്ളവരെ ആണ് ദൈവത്തിന് കൂടുതല്‍ ഇഷ്ട്ടം എന്ന് അതെ ഒരു കൊടുമുടിയോളം നന്മ ഉണ്ടായിരുന്നു.