ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ഓണ്‍ലൈനുകള്‍ക്കും നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നു. ആമസോണ്‍ നെറ്റ്ഫഌക്‌സ് ഉള്‍പ്പെടെയുള്ളവയെയും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെയും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി. ഇതോടെ ഇവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനാകും. ഓണ്‍ലൈന്‍ സിനിമകള്‍ക്കും പരിപാടികള്‍ക്കും വൈകാതെ നിയന്ത്രണം വരും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തിറക്കി കഴിഞ്ഞു.

സുപ്രീം കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി എത്തിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അന്ന് ഒ.ടി.ടി പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാനായി എന്ത് സംവിധാനമാണ് കേന്ദ്രസര്‍ക്കാരിനുള്ളതെന്ന് ആരാഞ്ഞുകൊണ്ട് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഒടിടി പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാനായി ഉത്തരവ് ഇറക്കിയത്.