‘അയാം യുവര്‍ ഗാഥാ ജാം’ ആശംസയുമായി മഞ്ജു വാര്യര്‍

ഗീതു മോഹന്‍ദാസിന് ജന്മദിന ആശംസകളുമായി മഞ്ജു വാര്യര്‍. മലയാളത്തിന്റെ പ്രിയപ്പെട്ട നടിയും സംവിധായകയുമാണ് ഗീതു മോഹന്‍ദാസ്. ഗീതു മോഹന്‍ദാസിന്റെ ജന്മദിനമാണ് ഇന്ന്. താരങ്ങളൊക്കെ ഗീതു മോഹന്‍ദാസിന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വളരെ വേറിട്ട ക്യാപ്ഷനിലൂടെയാണ് മഞ്ജു വാര്യര്‍ ഗീതു മോഹന്‍ദാസിന് ജന്മദിന ആശംസകള്‍ നേര്‍ന്നത്.

അടുത്ത സുഹൃത്തുക്കളാണ് മഞ്ജു വാര്യരും ഗീതു മോഹന്‍ദാസും. ഒന്നിച്ചിരിക്കുന്ന മനോഹരമായ ഒരു ഫോട്ടോ പങ്കുവെച്ച മഞ്ജു വാര്യര്‍ ‘അയാം യുവര്‍ ഗാഥാ ജാം’ എന്നാണ് എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഗീതു മോഹന്‍ദാസിന് എല്ലാവരും ജന്മദിന ആശംസകള്‍ നേരുന്നു. അകലെ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട് ഗീതു മോഹന്‍ദാസ്, കേള്‍ക്കുന്നുണ്ടോ, ലയേഴ്‌സ് ഡൈസ്, മൂത്തോന്‍ എന്നീ ചിത്രങ്ങളാണ് ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്തിട്ടുള്ളത്.

മലയാളത്തിലെ ഒരു അഭിനേത്രിയും ഡോക്യുമെന്ററി ചലച്ചിത്രസംവിധായകയുമാണ് ഗീതു മോഹന്‍ദാസ്. ശരിയായ പേര് ഗായത്രി മോഹന്‍ദാസ്. വിളിപ്പേരായ ഗീതു എന്നത് സിനിമയിലേക്ക് വന്നപ്പോള്‍ തന്റെ സിനിമ പ്പേര് ആയി സ്വീകരിച്ചു. ആദ്യ ചിത്രം 1986 ല്‍ ഇറങ്ങിയ ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രമാണ്. അഞ്ചു വയസുള്ളപ്പോളാണ് ഗീതു ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാളത്തിലെ ഫാസിലിന്റെ ചിത്രമായ എന്റെ മാമാട്ടിക്കുട്ടി അമ്മക്ക് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ എന്‍ ബൊമ്മകുട്ടി അമ്മക്ക് എന്ന ചിത്രത്തില്‍ പ്രധാന വേഷമാണ് ഗീതു ചെയ്തത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത കേള്‍ക്കുന്നുണ്ടോ എന്ന ഡോക്യുമെന്ററി 2009-ല്‍ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.