ജഗമേ തന്തിരം തിയറ്റര്‍ റിലീസ് അല്ലാത്തതില്‍ നിരാശയുണ്ട്; ധനുഷ്

നെറ്റ്ഫ്ളിക്സില്‍ റിലീസിനൊരുങ്ങുന്ന ധനുഷ് ചിത്രം ജഗമേ തന്തിരത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് ധനുഷ്. ട്വിറ്റര്‍ സ്പേസില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം സൂചിപ്പിച്ചത്.
‘ജഗമേ തന്തിരം തിയറ്ററില്‍ റിലീസ് ചെയ്യാത്തതില്‍ അതിയായ നിരാശയുണ്ട്. എങ്കിലും നെറ്റ്ഫ്ലിക്സ് റിലീസ് ആയതില്‍ സമാധാനം ഉണ്ട്. കാരണം അതിലൂടെ ചിത്രം ഒരുപാട് പ്രേക്ഷകരിലേക്ക് എത്തും. കൂടാതെ ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒരു ഇളവ് തന്നെയാണ് സിനിമ.’ ധനുഷ് പറഞ്ഞു. ചിത്രം 2020ല്‍ തിയറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായിരുന്നു. പക്ഷെ കൊവിഡ് പ്രതിസന്ധിയും മറ്റ് ചില കാരണങ്ങള്‍ കൊണ്ടും നിര്‍മ്മാതാവ് ശശികാന്ത് ചിത്രം ഒടിടിക്ക് വില്‍ക്കുകയായിരുന്നു.

ആക്ഷന്‍ ത്രില്ലറായ ‘ജഗമേ തന്തിരത്തില്‍’ ധനുഷ്, ഐശ്വര്യ ലക്ഷ്മി, ജെയ്മസ് കോസ്‌മോ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ചിത്രീകരണം 2019 സെപ്റ്റംബറില്‍ ലണ്ടനില്‍ വെച്ചായിരുന്നു നടന്നത്. ജഗമേ തന്തിരത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. ശ്രേയസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സന്തോഷ് നാരായണാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. വൈ നോട്ട് സ്റ്റുഡിയോസും, റിലയന്‍സ് എന്റര്‍ട്ടെയ്ന്‍മെന്റുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജോജി ജോര്‍ജ്ജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ജഗമേ തന്തിരത്തിന്റെ ഓഡിയോ ലോഞ്ചിങ്ങ് ജൂണ്‍ 7നായിരുന്നു. ഓഡിയോ ലോഞ്ച് പ്രമാണിച്ച് ധനുഷ്, സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്, സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ എന്നിവര്‍ ട്വിറ്ററിന്റെ സ്പേസ് സെഷനില്‍ സംസാരിച്ചിരുന്നു. യുഎസില്‍ നിന്നാണ് ധനുഷ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ്രേഗ മാന്‍ എന്ന നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് താരം. ഈ ചര്‍ച്ചക്കിടയിലാണ് ജഗമേ തന്തിരം തിയറ്ററില്‍ റിലീസ് ചെയ്യാനാവത്തതില്‍ നിരാശയുണ്ടെന്ന് താരം പറഞ്ഞത്.