നിലയ്ക്കാത്ത സ്വാതന്ത്ര്യ സമരങ്ങള്‍

ജിയോ ബേബി ഒരുക്കിയ അഞ്ചു ചിത്രങ്ങളുടെ സമ്മേളനമാണ് ഫ്രീഡം ഫൈറ്റ്. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം, കിലോ മീറ്റേഴ്‌സ് ആന്റ് കിലോ മീറ്റേഴ്‌സ്, ദി ദ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു പരീക്ഷണവുമായി ജിയോ ബേബി എത്തിയിട്ടുള്ളത്. പുതുമുഖ സംവിധായകര്‍ക്ക് കൂടെ അവസരമൊരുക്കിയിട്ടുണ്ട് എന്നുള്ളതിനാണ് ആദ്യം ജിയോ ബേബി ഫ്രീഡം ഫൈറ്റിന് കയ്യടി അര്‍ഹിക്കുന്നത്. അരികുവത്കരിക്കപ്പെട്ടവരുടെ സ്വാതന്ത്ര്യ സമരങ്ങളാണ് ചിത്രത്തില്‍ പ്രമേയമായിട്ടുള്ളത്. അഖില്‍ അനില്‍കുമാര്‍ ഒരുക്കിയ ഗീതു അണ്‍ചെയ്ന്‍ഡ് ആണ് ആദ്യ ചിത്രമായെത്തിയിട്ടുള്ളത്. യൗവ്വന കാലത്തിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടിയുടെ സ്വപ്‌നങ്ങളും പ്രണയവുമെല്ലാം പ്രമേയമാകുന്ന ചിത്രത്തില്‍ അവളുടെ സ്വാതന്ത്ര്യ കാഴ്ച്ചപ്പാടുകള്‍ എന്താണെന്നും ചിത്രം കൃത്യമായി തന്നെ കാണിച്ചു തരുന്നുണ്ട്. നമുക്ക് പരിചിതമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടികളും വിഷയങ്ങളും തന്നെയാണ് ചിത്രത്തിലുള്ളതെങ്കിലും സ്വാതന്ത്ര്യം പ്രഖ്യാപിക്കാനന്‍ നായികയായെത്തിയ രജിഷ വിജയന്റെ കഥാപാത്രത്തം കാണിക്കുന്ന ധൈര്യം തന്നെയാണ് ചിത്രത്തെ വേറിട്ടതാക്കുന്നത്.

കുഞ്ഞില മാസിലാ മണി ഒരുക്കിയ അസഘടിതര്‍ എന്നു പറയുന്ന ചിത്രമാണ ് രണ്ടാമതായെത്തിയത്. കോഴിക്കോട് വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മൂത്രപുര ഇല്ലാത്തതും, ഇരുന്ന് ജോലി ചെയ്യാന്‍ സാഹചര്യമില്ലാത്തതുമെല്ലാം അതേ തീവ്രതയോടെ തന്നെ ചിത്രത്തിലെത്തിയിട്ടുണ്ട്. യഥാര്‍ത്ഥ സംഭവ കഥയായതിനാല്‍ അതിലെ അതേ ആളുകളെ കഥാപാത്രങ്ങളായി അവതരിപ്പിച്ചതെല്ലാം തന്നെ നന്നായിട്ടുണ്ട്. അതേ സമയം ചിത്രം ചില സമയങ്ങളില്‍ ഡോക്യുമെന്ററി സ്വഭാവത്തിലേക്ക് പോകുന്നുണ്ടെങ്കിലും യഥാര്‍ത്ഥ സംഭവമായതിനാല്‍ പ്രേക്ഷകന് ഉള്‍ക്കൊള്ളാനാകുന്ന വിധമാണ് തീവ്രതയോടെ ഒരുക്കിയിട്ടുള്ളത് എന്ന് പറയാതിരിക്കാനാവില്ല.

റേഷന്‍ ക്ലിപ്തം വിഹിതം ഫ്രാന്‍സിസ് ലൂയിസ് ഒരുക്കിയ ചിത്രമാണ്. മനുഷ്യരുടെ അതിജീവനവും ആര്‍ഭാടവും ഒരേ സമയം നടക്കുന്ന കാഴ്ച്ചയാണ് ചിത്രം. രണ്ടു വിഭാഗം മനുഷ്യര്‍ ഒരേ സമയം എങ്ങിനെയാണ് ഒരേ കാലത്ത് ജീവിക്കുന്നതെന്ന് ചിത്രം വരച്ചിടുന്നുണ്ട് .കബനി ഹരിദാസും, ജിയോ ബേബിയുമാണ് കഥാപാത്രങ്ങളായി എത്തിയത്.

ഓള്‍ഡ് ഏജ് ഹോം എന്ന ജിയോ ബേബി ചിത്രം ജോജു ജോര്‍ജ്ജിന്റെ വേറിട്ടൊരു പ്രകടനമാണ് കാഴ്ച്ച വെയ്ക്കുന്നത്. പ്രായമകുമ്പോള്‍ നമ്മള്‍ കുട്ടികളാകുമെന്ന കാഴ്ച്ചയോട് നൂറ് ശതമാനവും നീതി പുലര്‍ത്താന്‍ ജോജുവിനായി. രോഹിണിയും മികച്ച പ്രകടനമാണ് കാഴ്ച്ച് വെച്ചത്. വാട്ട് ഈസ് ദാറ്റ് പോലുള്ള ക്ലാസിക്കുകളോട് നീതി പുലര്‍ത്തിയ മെയ്ക്കിംഗും ജോജുവിന്റെ പ്രകടനവും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

വിധു വിന്‍സെന്റ് അവതരിപ്പിച്ച മാന്‍ഹോളിനോട് സമാനമായ വിഷയമാണ് പ്ര തൂ മു എന്ന ചിത്രം പറയുന്നത്. ജിതിന്‍ ഐസക്ക് തോമസ് ഒരുക്കിയ ചിത്രം തോട്ടികളേയും അത്തരം തൊഴിലെടുക്കുന്നവരേയും ഇത്രയും പുരോഗമനമവകാശപ്പെടുന്ന സമൂഹം ഇന്നും എങ്ങിനെയാണ് നോക്കി കാണുന്നതെന്ന് വ്യക്തമാക്കുന്നു. ചിത്രം വാണിജ്യമാകുന്നതിനൊപ്പം രാഷ്ട്രീയമാകേണ്ടുന്നതിന്റെ പ്രാധാന്യം കൂടെ ഊട്ടിയുറപ്പിച്ചുവെന്നതാണ് ജിയോ ബേബിയുടെ സ്വാതന്ത്ര്യസമരത്തിന്റെ പ്രത്യേകത. നമ്മള്‍ നമ്മളോട് തന്നെ സ്വാതന്ത്ര്യം പ്രഖ്യാപിക്കേണ്ടതെങ്ങനെയെന്ന് ചിത്രം കാണിച്ചു തരുന്നുണ്ട്.