ഹരീഷ് പേരടി നായകനാകുന്നു…

ഹരീഷ് പേരടി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിക്കുന്നു. നവാഗതനായ രാധേശ്യാം സംവിധായകനാകുന്ന ചിത്രത്തില്‍ ഹരീഷ് പേരടിക്ക് നായികയായെത്തുന്നത് നിഷ സാരംഗാണ്. വര്‍ഷങ്ങളായി പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിക്കുന്ന ശ്യാം തൃപ്പുണ്ണിത്തുറയുടെ (രാധേശ്യാം) കന്നി സംവിധാന സംരംഭമാണ് ചിത്രം. അപ്പു മാഷുടെ കഥയുമായാണ് ചിത്രം എത്തുന്നതെന്ന് ഹരീഷ് പേരടി തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചു. അന്തരിച്ച പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ എ. ശാന്തകുമാറിന്റെ തിരക്കഥയിലാണ് ചിത്രമൊരുങ്ങുന്നത്. അദ്ദേഹം വിട പറയും മുന്‍പ് തന്നെ ഏല്‍പ്പിച്ച അപ്പുമാഷിന് ജീവന്‍ നല്‍കാനുള്ള ശ്രമത്തിലാണെന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ.

മരണ കിടക്കയിലേക്ക് പോകുംമുന്‍പ് ശാന്തന്‍ എന്നെ ഏല്‍പ്പിച്ച കഥയുടെ ജീവന്‍ തേടിയുള്ള യാത്രയായിരുന്നു ഈ കഴിഞ്ഞ മൂന്ന് ദിവസവും . അവന്റെ സ്വപ്നത്തിലെ മണ്ണിനെയും മനുഷ്യരെയും പ്രകൃതിയേയും തേടിയുള്ള യാത്ര..അതെ അത് തുടങ്ങുകയാണ്. ശാന്തന്‍ ഉണരുകയാണ്. അപ്പുമാഷിന്റെ ജീവിതം പറയുന്ന ആ പേര് മലയാളത്തിന്റെ പ്രമുഖര്‍ തന്നെ നിങ്ങളോട് പ്രഖ്യാപിക്കും….അനുഗ്രഹങ്ങളും ആശിര്‍വാദങ്ങളും പ്രതീക്ഷിച്ചുകൊണ്ട് ഈ പ്രണയദിനം ശാന്തന് സമര്‍പ്പിക്കുന്നു.

ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ഷൈജു അന്തിക്കാട് ചിത്രത്തിന് തിരക്കഥയൊരുക്കിയതും എ ശാന്തകുമാറായിരുന്നു. അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ഇത്തവണ ഈ ചിത്രത്തിന് ലഭിച്ചത്. ഇന്ദ്രന്‍സ്, അജു വര്‍ഗ്ഗീസ്, ഹരീഷ് കണാരന്‍, സെന്തില്‍ കൃഷ്ണ, ജാഫര്‍ ഇടുക്കി, അഖില, അമല കുര്യന്‍, ജയപ്രകാശ്കൂളൂര്‍ എന്നിവരെല്ലാം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എല്‍ദോ ഐസക്ക് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റര്‍ അയൂബ് ഖാന്‍, ഗാനരചന സന്തോ് വര്‍മ്മ, സംഗീതം പ്രശാന്ത് അലക്‌സാണ്ടര്‍, അസോസിയേറ്റ് ഡയറക്ടര്‍ പ്രശാന്ത് വി മേനോന്‍. എന്‍ എം മൂവീസിന്റെ ബാനറില്‍ നസീറാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി. ആര്‍. ഒ എ എസ് ദിനേശ്.