നടിയെ ആക്രമിച്ച കേസ്; സ്വാധീനിക്കാന്‍ ശ്രമം, ആരോപണവുമായി മറ്റൊരു സാക്ഷിയും

നടിയെ ആക്രമിച്ച കേസില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി കേസില്‍ സാക്ഷിയായ ജെന്‍സണ്‍. സ്വാധീനങ്ങള്‍ക്ക് താന്‍ വശപ്പെടില്ലെന്നും ജെന്‍സണ്‍ പറഞ്ഞു. ദിലീപിനെതിരായ മൊഴി മാറ്റില്ല. പോലീസില്‍ പരാതി നല്‍കിയെന്നും കൊല്ലത്ത് നിന്ന് വിളിച്ച ആളുടെ ശബ്ദസന്ദേശം പോലീസിന് കൈമാറുമെന്നും ജെന്‍സണ്‍ പറഞ്ഞു. കോള്‍ വന്നിട്ട് കുറച്ചുമാസങ്ങളായി. വിചാരണ തുടങ്ങിയതിന് ശേഷമാണ് കോള്‍ വന്നത്. രണ്ടുതവണ വിളിച്ചിരുന്നു. ദിലീപിന് അനുകൂലമായി കോടതിയില്‍ മൊഴി നല്‍കണമെന്നായിരുന്നു ആവശ്യം. വിളിച്ച ആളുടെ പേര് പറയുന്നില്ലെന്നും അത് പോലീസ് കണ്ടെത്തട്ടെയെന്നും ജെന്‍സണ്‍ പറഞ്ഞു.

ചില തീവ്രവാദക്കേസുകളില്‍ ഉന്നയിക്കപ്പെട്ട പേരുകള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു കോള്‍. വിളിച്ച ആള്‍ അവരുടെ ബന്ധുവാണ് എന്ന് പറഞ്ഞു. സൗഹൃദം എന്ന രീതിയിലാണ് ആദ്യം വിളിച്ച് സംസാരിച്ചത്. അതുകൊണ്ടാണ് ആദ്യം പരാതി നല്‍കാതിരുന്നത്. വിപിന്‍ ലാല്‍ എന്ന കാസര്‍കോടുകാരനെ വിളിക്കുമെന്നും മറ്റും അന്ന് എന്നോട് പറഞ്ഞിരുന്നു. വിഷ്ണു എന്ന തടവുകാരനെ വിളിച്ച് ചില കാര്യങ്ങള്‍ ചെയ്യാന്‍ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നീട് അതെല്ലാം മറ്റുമാധ്യമങ്ങളില്‍ വന്നപ്പോഴാണ് സംഗതിയുടെ ഗൗരവം ബോധ്യപ്പെട്ടതെന്നും പരാതി കൊടുക്കാന്‍ തീരുമാനിച്ചതെന്നും ജെന്‍സണ്‍ പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടത്തല അറസ്റ്റില്‍. പുലര്‍ച്ചെ പത്തനാപുരത്തെ ഗണേഷ് കുമാറിന്റെ ഓഫിസില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കാസര്‍കോട്ടേക്ക് കൊണ്ടുപോയി.