ഫോബ്‌സ് പട്ടികയില്‍ ഇടം നേടി മോഹന്‍ലാലും മമ്മൂട്ടിയും

ഈ വര്‍ഷം രാജ്യത്തെ കായിക-വിനോദ മേഖലകളില്‍ മികവ് തെളിയിച്ച 100 പ്രമുഖരെ ഉള്‍പ്പെടുത്തി ഫോബ്‌സ് മാസിക തയാറാക്കിയ പട്ടികയില്‍ മലയാളത്തില്‍ നിന്ന് മോഹന്‍ലാലും മമ്മൂട്ടിയും ഇടം നേടി.2018 ഒക്ടോബര്‍ ഒന്ന് മുതല്‍ 2019 സപ്തംബര്‍ 30 വരെ താരങ്ങള്‍ നേടുന്ന പ്രതിഫലവും താരമൂല്യവും കണക്കാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലുമുള്ള പ്രശസ്തിയും വരുമാനവും കണക്കിലെടുത്താണ് സ്ഥാന നിര്‍ണയം നടത്തിയത്.

മോഹന്‍ലാല്‍ 27ാം സ്ഥാനത്തും മമ്മൂട്ടി 62ാം സ്ഥാനത്തുമാണുള്ളത്. മോഹന്‍ലാലിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം 64.5 കോടി രൂപയും മമ്മൂട്ടിയുടേത് 33.5 കോടി രൂപയുമാണ്. മോഹന്‍ലാല്‍ ഇത് രണ്ടാം തവണയാണ് ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. 2017 ലെ ലിസ്റ്റില്‍ 11 കോടിയുമായിട്ടായിരുന്നു എഴുപത്തിമൂന്നാം സ്ഥാനത്ത് അദ്ദേഹമെത്തിയത്. അതേസമയം, മലയാളത്തില്‍നിന്ന് ഫോബ്‌സ് പട്ടികയിലെ ആദ്യ അന്‍പതില്‍ കയറിയ മലയാളി താരം മമ്മൂട്ടിയാണ്. 2017 ഒക്‌ടോബര്‍ ഒന്നു മുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുള്ള കാലത്തെ കണക്ക് ഫോബ്‌സ് പുറത്തുവിട്ടപ്പോള്‍ പട്ടികയില്‍ 48ാം സ്ഥാനത്തായിരുന്നു മമ്മൂട്ടി. ഇതില്‍നിന്നാണ് ഇപ്പോള്‍ 62ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

വിരാട് കോഹ്‌ലിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 252.72 കോടി രൂപയാണ് കോഹ്‌ലിയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം. 293.25 കോടി രൂപയാണ് വരുമാനമെങ്കിലും അക്ഷയ് കുമാര്‍ പട്ടികയില്‍ രണ്ടാമതാണ്. 2016 മുതല്‍ പട്ടികയില്‍ ഒന്നാമതായിരുന്ന സല്‍മാന്‍ ഖാന്‍ ഇക്കൊല്ലം മൂന്നാമതായി.

അമിതാഭ് ബച്ചന്‍, എംഎസ് ധോണി, ഷാരൂഖ് ഖാന്‍, രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ദീപിക പദുക്കോണ്‍ എന്നിവര്‍ ആദ്യ പത്തു സ്ഥാനങ്ങളിലും ഇടം നേടി. കഴിഞ്ഞ വര്‍ഷം 49ാം സ്ഥാനത്തായിരുന്ന പ്രിയങ്ക ചോപ്ര ഇത്തവണ പതിനാലാം സ്ഥാനത്താണ്. മോഹന്‍ലാലിനേയും മമ്മൂട്ടിയേയും കൂടാതെ ദക്ഷിണേന്ത്യയില്‍ നിന്ന് രജനീകാന്ത്(13), എ.ആര്‍. റഹ്മാന്‍(16), ധനുഷ്, വിജയ്, കമല്‍ഹാസന്‍, പ്രഭാസ്, സംവിധായകന്‍ ശങ്കര്‍, മഹേഷ് ബാബു എന്നിവരും പട്ടികയിലുണ്ട്.