66ാമത് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മികച്ച നടന്‍ ഇര്‍ഫാന്‍ ഖാന്‍, നടി തപ്സി

66ാമത് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത ‘ഥപ്പഡ്’ ആണ് മികച്ച ചിത്രം. ഇതേ ചിത്രത്തിലെ അഭിനയത്തിന് തപ്‌സി പന്നുവിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം. അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന് രണ്ട് പുരസ്‌കാരങ്ങളുണ്ട്. ‘അംഗ്രേസി മീഡിയം’ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിനാണ് മികച്ച നടനുള്ള പുരസ്‌കാരം. ഒപ്പം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു.

ഫിലിംഫെയര്‍ പുരസ്‌കാര ചടങ്ങ് മുംബൈയില്‍ വെച്ച് ശനിയാഴ്ച്ച രാത്രിയാണ് നടന്നത്.ഇര്‍ഫാന് പകരം പുരസ്‌കാരം ഏറ്റുവാങ്ങിയത് മകന്‍ ബാബിലാണ്.

മികച്ച കഥ, മികച്ച എഡിറ്റിങ് എന്നീ പുരസ്‌കാരങ്ങളും തപ്പഡിന് ലഭിച്ചു. ഗുലാബു സിതാബുവിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് പുരസ്‌കാരം അമിതാഭ് ബച്ചന്‍ നേടി. മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാര്‍ഡ് തിലോത്തമ ഷോമ നേടി.