
പൊതുപരിപാടിക്കിടെ ബോളിവുഡ് നടിയും നർത്തകിയുമായ നികിത റാവലിന് നേരെ ആരാധികയുടെ അപ്രതീക്ഷിത അതിക്രമം. റെഡ് കാർപെറ്റിൽ മാധ്യമങ്ങൾക്ക് മുന്നിൽ പോസ് ചെയ്യുന്നതിനിടെ സുരക്ഷാ വലയം ഭേദിച്ചെത്തിയ ആരാധിക താരത്തെ ബലമായി ചുംബിക്കുകയായിരുന്നു. ക്യാമറകൾക്ക് മുന്നിൽ വെച്ചുനടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ നിലവിൽ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
സെൽഫിയെടുക്കാനെന്ന വ്യാജേനയാണ് ആരാധിക നികിതയുടെ അടുത്തേക്ക് എത്തിയത്. നടി പുഞ്ചിരിയോടെ സെൽഫിക്ക് സമ്മതിച്ചെങ്കിലും പെട്ടെന്ന് സാഹചര്യം കൈവിട്ടുപോവുകയായിരുന്നു. ആദ്യം കവിളിൽ ചുംബിച്ച യുവതി, തുടർന്ന് നടിയെ ബലമായി വലിച്ച് പിടിച്ച് ചുണ്ടിൽ ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായ സംഭവത്തിൽ ഞെട്ടിയ നികിത യുവതിയെ തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും ഇവർ വീണ്ടും ബലമായി ചുംബിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. നിമിഷങ്ങൾക്കകം സമചിത്തത വീണ്ടെടുത്ത താരം ഉടൻ തന്നെ റെഡ് കാർപെറ്റിൽ നിന്ന് നടന്നുനീങ്ങി.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധവും ചർച്ചകളുമാണ് ഉയർന്നുവരുന്നത്. സെലിബ്രിറ്റികളുടെ സുരക്ഷാ വീഴ്ചകളെക്കുറിച്ചും പൊതുസ്ഥലങ്ങളിൽ അവർ നേരിടുന്ന വ്യക്തിഗത അതിരുകടക്കലുകളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനമുയരുന്നുണ്ട്. ആരാധനയുടെ പേരിൽ നടക്കുന്ന ഇത്തരം ബലപ്രയോഗങ്ങളും അതിക്രമങ്ങളും അംഗീകരിക്കാനാവില്ലെന്നും സെലിബ്രിറ്റികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്നുമുള്ള ആവശ്യവും ശക്തമാകുന്നുണ്ട്.