
നടി തൃഷ കൃഷ്ണനെതിരെ പൊതുവേദിയിൽ അധിക്ഷേപകരവും ദ്വയാർഥപ്രയോഗങ്ങൾ നിറഞ്ഞതുമായ പരാമർശങ്ങൾ ഉയർന്ന സംഭവത്തിൽ, സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി നടൻ വിശാൽ. സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്ന യുട്യൂബർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ വിവേചനമില്ലാതെ നിയമനടപടികൾ സ്വീകരിക്കണമെന്ന് വിശാൽ ആവശ്യപ്പെട്ടു. വാർത്താ ഏജൻസിയായ എ.എൻ.ഐയോടാണ് (ANI) അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കിയത്.
സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന വനിതാ സഹപ്രവർത്തകരെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബിലൂടെയും നിരന്തരം അധിക്ഷേപകരമായ പരാമർശങ്ങളും ട്രോളുകളും പ്രചരിപ്പിക്കുന്നവർക്ക് തടയിടാൻ നിയമം കർശനമായി നടപ്പാക്കേണ്ടതുണ്ടെന്ന് വിശാൽ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം സംഭവങ്ങളിൽ പെട്ടെന്ന് നടപടികളുണ്ടാകാറുണ്ടെങ്കിലും, സിനിമയിലെ സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന എല്ലാവർക്കും ഈ ശിക്ഷ ഒരുപോലെ ബാധകമാക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
“വനിതാ സഹപ്രവർത്തകരെ കുറിച്ച് പരസ്യമായി അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്ന നിരവധി യുട്യൂബർമാരുണ്ട്. അതിനാൽ ഇത്തരക്കാർക്കും കൃത്യമായ പെരുമാറ്റച്ചട്ടവും നിയമപരമായ സമീപനവും ഉണ്ടാകണം,” വിശാൽ കൂട്ടിച്ചേർത്തു.
അധിക്ഷേപ പരാമർശം നടത്തിയവർക്കെതിരെയുണ്ടായ നിയമനടപടിയെ ന്യായീകരിച്ച വിശാൽ, സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഏതൊരു നീക്കത്തിനെതിരെയും ഒരേ മാനദണ്ഡത്തോടെയുള്ള നടപടിയാണ് ഉണ്ടാകേണ്ടതെന്നും വ്യക്തമാക്കി.