മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിലൊരാളാണ് ഫഹദ് ഫാസില്‍. ഡയമണ്ട് നെക്ലേസ്, ഞാന്‍ പ്രകാശന്‍, കുമ്പളങ്ങി നൈറ്റ്‌സ്, ഇയോബിന്റെ പുസ്തകം, ബാഗ്ലൂര്‍ ഡേയ്‌സ് എന്നീ ചിത്രങ്ങളിലൂടെ ഫഹദ് സമ്മാനിച്ചത് ഒരിക്കലും മറക്കാനാവാത്ത കഥാപാത്രങ്ങളെയാണ്. തന്റെ വ്യത്യസ്ഥമായ വേഷങ്ങളിലൂടെ, അഭിനയമികവിലൂടെ പ്രേക്ഷകരെ ഏപ്പോഴും അതിശയപ്പെടുത്തുന്ന ഈ പ്രതിഭ ഇന്ന് തന്റെ 36ാം ജന്മദിനം ആഘോഷിക്കുകയാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ട്രാന്‍സി’ന്റെ സെറ്റില്‍ വെച്ച് പിറന്നാള്‍ കേക്ക് കട്ട് ചെയ്ത് ഭാര്യ നസ്രിയയ്ക്കു നല്‍കിയാണ് ഇത്തവണ ഫഹദ് തന്റെ ജന്മദിനം ആഘോഷിച്ചത്. ഫഹദിനും നസ്രിയക്കുമൊപ്പം സംവിധായകന്‍ അന്‍വര്‍ റഷീദ്, ഗൗതം മേനോന്‍, അമല്‍ നീരദ്, ശ്രീനാഥ് ഭാസി എന്നിവരും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. ട്രാന്‍സ് സിനിമയുടെ അവസാനഘട്ട ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്.
മലയാളത്തില്‍ ഈ വര്‍ഷം ആരാധകര്‍ കാത്തിരിക്കുന്ന പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് ‘ട്രാന്‍സ്’. ഏകദേശം 20 കോടിയാണ് സിനിമയുടെ ബജറ്റ് എന്നും റിപ്പോര്‍ട്ട് ഉണ്ട്. ചിത്രം ഡിസംബറില്‍ തിയേറ്ററുകളിലെത്തുന്നത് കാത്തിരിക്കുകയാണ് സിനിമപ്രേമികള്‍. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയാണ്. അമല്‍ നീരദാണ് ഛായാഗ്രഹണം. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നസ്രിയ തന്നെയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. പോസ്റ്റ് പ്രൊഡ്ക്ഷനു മുമ്പ് ഒരാഴ്ച്ചത്തെ ചിത്രീകരണം മാത്രമാണ് ഇനി ചിത്രത്തിനുള്ളത്. എറണാകുളം ജില്ലയിലായിരിക്കും അവസാന ഷെഡ്യൂള്‍ നടക്കുക. സിനിമയുടെ ക്ലൈമാക്‌സ് ഭാഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്.
ഹോളിവുഡ് ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലുമൊക്കെയാണ് സാധാരണയായി ഉപയോഗിക്കുന്ന റോബോട്ടിക് കാമറയിലാണ് ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നത്. ഇതാദ്യമായാണ് മലയാളത്തില്‍ റോബോട്ടിക് ക്യാമറ ഉപയോഗിക്കുന്നത്. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്സണ്‍ വിജയന്‍ (റെക്‌സ് വിജയന്റെ സഹോദരന്‍) സംഗീതം നല്‍കുന്നു. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍.