ഫഹദിന്റെ ‘ട്രാന്‍സ്’ ക്രിസ്മസിന് എത്തില്ല, റിലീസ് നീട്ടി

ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ട്രാന്‍സിന്റെ റിലീസ് നീട്ടി. ചിത്രം ക്രിസ്മസ് റിലീസായി എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരിയിലെ റിലീസിന് എത്തുകയുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാലാണ് റിലീസ് നീട്ടിയിരിക്കുന്നത്.

ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷം നസ്രിയയും ഫഹദും ഒന്നിച്ച് സ്‌ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ‘ട്രാന്‍സ്’. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ‘ട്രാന്‍സി’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിന്‍സെന്റ് വടക്കനാണ്. ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം, പറവ എന്നീ വിജയചിത്രങ്ങള്‍ക്കു ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ട്രാന്‍സി’നുണ്ട്. ഏകദേശം 20 കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 2017 ജൂലൈയില്‍ ചിത്രീകരണം ആരംഭിച്ച ‘ട്രാന്‍സി’ന്റെ ചിത്രീകരണം 2019 ഓഗസ്റ്റ് അവസാന ആഴ്ചയോടെയാണ് പൂര്‍ത്തിയായത്. ആംസ്റ്റര്‍ ഡാം, കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളില്‍ നാലു വ്യത്യസ്ത ഷെഡ്യൂളുകളിലായി രണ്ടു വര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്.

അമല്‍ നീരദ് ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു. ഗൗതം മേനോന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, വിനായകന്‍, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍, അര്‍ജുന്‍ അശോകന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.