വില കുറച്ചുകാണിച്ചു, പൃഥ്വിരാജിന്റെ കാറിന്റെ രജിസ്‌ട്രേഷന്‍ തടഞ്ഞു

നടന്‍ പൃഥ്വിരാജിന്റെ പുതിയ ബിഎംഡബ്ല്യു 7 സീരീസ് കാറിന്റെ രജിസ്‌ട്രേഷന്‍ ഗതാഗത വകുപ്പ് തടഞ്ഞു. 1.64 കോടി രൂപ വിലവരുന്ന കാറില്‍ 30 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടതിനെ തുടര്‍ന്നാണ് നടപടി. മുഴുവന്‍ തുകയുടെ നികുതി അടച്ചാലേ രജിസ്‌ട്രേഷന്‍ നടത്തൂ എന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്. അതിനാല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ 9 ലക്ഷം രൂപ കൂടി പൃഥ്വിരാജ് അടക്കേണ്ടതുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.

താല്‍ക്കാലിക രജിസ്‌ട്രേഷനു വേണ്ടി വാഹന വ്യാപാരി എറണാകുളം ആര്‍ടിഒ ഓഫീസില്‍ ഓണ്‍ലൈനില്‍ നല്‍കിയ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ച ബില്ലിലാണ് 30 ലക്ഷത്തിന്റെ കുറവ് കണ്ടെത്തിയത്. 1.34 കോടി ആയിരുന്നു ബില്ലിലെ തുക. ഇതിന്റെ അടിസ്ഥാനത്തിലുള്ള റോഡ് നികുതിയും അടച്ചിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ യഥാര്‍ത്ഥ വില 1.64 കോടിയാണെന്ന് കണ്ടെത്തുകയും രജിസ്‌ട്രേഷന്‍ തടയുകയുമായിരുന്നു.

30 ലക്ഷം രൂപ സെലിബ്രിറ്റി ഡിസ്‌കൗണ്ട് ഇനത്തില്‍ വിലകുറച്ചു നല്‍കിയതായാണ് വാഹനം വിറ്റ സ്ഥാപനം പറയുന്നത്. ഡിസ്‌കൗണ്ട് നല്‍കിയാലും ആഡംബര കാറുകള്‍ക്ക് യഥാര്‍ത്ഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം. 9 ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ രജിസ്‌ട്രേഷന്‍ ചെയ്യാനാകില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്. നികുതിയിളവ് നേടാന്‍ ഡീലര്‍ ബില്ലില്‍ തിരുത്തല്‍ വരുത്തിയത് താരം അറിയണമെന്നില്ലെന്ന് ആര്‍ടിഒ അധികൃതര്‍ വ്യക്തമാക്കി.