ഈ മൂത്തോന്‍ സീരിയസ്സാണ്

','

' ); } ?>

മുംബൈ, ടൊറന്റോ ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച അഭിപ്രായം നേടിയ മൂത്തോന്‍ വ്യവസ്ഥാപിത സമൂഹത്തിന്റെ അഭിരുചിക്കൊപ്പം സഞ്ചരിക്കാന്‍ ആവാതെ പോകുന്ന അരികുവത്കരിക്കപ്പെട്ട ജീവിതങ്ങള അടയാളപ്പെടുത്താനുള്ള ശ്രമമാണ്. ലക്ഷദ്വീപില്‍ നിന്നും തന്റെ ചേട്ടനെ തിരഞ്ഞ് മുംബൈയില്‍ പോകുന്ന ഒരു കുട്ടിയുടെ കഥ പറയുന്ന ചിത്രം ഹിന്ദിയിലും മലയാളത്തിലുമായാണ് ഗീതു മോഹന്‍ദാസ് ഒരുക്കിയിരിക്കുന്നത്. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലും ഭാഷയുടെ ഭംഗിയിലും ഒരു കുട്ടിയുടെ ഏകാന്തതയിലൂടെയും ചിത്രത്തിന്റെ ആദ്യ പകുതി എളുപ്പം കടന്ന് പോകുന്നു.

ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് മുംബൈയിലെ കാമാത്തിപുരയും, ചേരിയുമെല്ലാം നിറഞ്ഞ് അരികുവത്കരിക്കപ്പെട്ടവരുടെ അരക്ഷിത ബോധവും ചിന്താഗതികളുമായി മൂത്തോന്‍ പ്രമേയത്തോടടുക്കുന്നത്. ഭിന്ന ലൈംഗിക താത്പര്യമുള്ളവരുടെ പ്രശ്‌നം, അസ്തിത്വ പ്രതിസന്ധി, അസ്തിത്വ ദു:ഖം എന്നിവയെല്ലാം ചിത്രത്തില്‍ വിഷയമായി വരുന്നു. സങ്കീര്‍ണ്ണമായ വിഷയങ്ങളെ സംഭാഷണങ്ങള്‍ക്കുമപ്പുറം ദൃശ്യത്തിന്റെ സാധ്യതകളിലൂടെ വരച്ചിടാനുള്ള ശ്രമമാണ് മൂത്തോന്‍. സാധാരണ പ്രേക്ഷകര്‍ക്കോ, കുടുംബ പ്രേക്ഷകര്‍ക്കോ എളുപ്പം ദഹിക്കാവുന്ന ഒന്നല്ല മൂത്തോന്‍ എന്ന അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ സൂചന ശരിവെയ്ക്കുകയാണ് ചിത്രം. ബോക്‌സ് ഓഫീസ് ഹിറ്റിനുമപ്പുറം, ചില വിഷയങ്ങള്‍ പറയാനും ഇങ്ങനെയുള്ള സിനിമകളും സംവിധായകരും ഇവിടെയുണ്ടെന്ന് പറയാനുമുള്ള ശ്രമം കൂടെയാണെന്ന് നിവിന്‍ പോളി തന്നെ ചിത്രത്തെ കുറിച്ച് പറഞ്ഞിരുന്നു. സൂക്ഷ്മമായ നിരീക്ഷണവും, ഗൗരവമേറിയ വീക്ഷണവും ആവശ്യപ്പെടുന്ന ചിത്രത്തിന്റെ തിരക്കഥയ്ക്കുമപ്പുറം ദൃശ്യഭാഷ തന്നെയാണ് ചിത്രത്തിന് കരുത്തായത്. വരികള്‍ക്കിടയിലെ വായനയെന്ന പോലെ ദൃശ്യങ്ങള്‍ക്കിടയിലെ വീക്ഷണവും വായനയും ശക്തമായി ആവശ്യപ്പെടുന്നുണ്ട് മൂത്തോന്‍.

ബി അജിത്കുമാറിന്റെ ചിത്രസംയോജനവും നന്നായിരുന്നു. സംഘര്‍ഷ ഭരിതവും സംഘീര്‍ണ്ണവുമായ അവസ്ഥകളെ വരച്ചിടുന്നതില്‍ സ്‌നേഹ ഖന്‍വാല്‍ക്കര്‍, ഗോവിന്ദ് വസന്ത എന്നിവരുടെ സംഗീതവും മികച്ച പിന്തുണ നല്‍കി. മുംബൈ ചേരികളുടെ പശ്ചാത്തലത്തോട് ഇഴുകി ചേര്‍ന്ന നിവിന്‍പോളി, ശോഭിത ദുളിപാല, ശശാങ്ക് അറോറ എന്നിവരുടെ പ്രകടനം മികച്ചതായിരുന്നു. റോഷന്‍ മാത്യു, സുജിത് ശങ്കര്‍ എന്നിവരുടെ പ്രകടനവും കരിയറിലെ മറ്റൊരു മികച്ച പ്രകടനങ്ങളിലൊന്നാണ്. ലക്ഷ ദ്വീപ് ഭാഷയുമായി ദിലീഷ് പോത്തനും നല്ല അഭിനയമാണ് മൂത്തോനില്‍ കാഴ്ച്ച വെച്ചത്. ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപ് ഒരുക്കിയ ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ക്ക് തനിമയുണ്ടായിരുന്നു. സാധാരണ ചിത്രങ്ങള്‍ ആവശ്യപ്പെടുന്ന രസക്കൂട്ടുകളിലൊതുങ്ങാത്ത വലിയ വിഷയം പറയുവാനുള്ള ധൈര്യത്തിനാണ് മൂത്തോന്‍ കയ്യടി അര്‍ഹിക്കുന്നത്. കണ്ടും കേട്ടും മാത്രം പരിചിതമായ വഴികളിലൂടെയല്ലാതെ സിനിമയെ നടത്താനുള്ള ആര്‍ജ്ജവത്തിനും പരീക്ഷണത്തിനും ടിക്കറ്റെടുക്കാന്‍ മനസ്സുള്ളവര്‍ക്ക് വേണ്ടിയാണ് മൂത്തോന്‍.