ദുല്‍ഖര്‍ ചിത്രവുമായി ഇറോസ് നൗ വീണ്ടും സജീവമാകുന്നു

ആഗോള എന്റര്‍ടെയ്ന്‍മെന്റ് കമ്പനി ഇറോസ് എസ്ടിഎക്‌സ് ഗ്ലോബല്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ദക്ഷിണേഷ്യയിലെ പ്രമുഖ സ്ട്രീമിങ് എന്റര്‍ടെയ്ന്‍മെന്റ് സേവനമായ ഇറോസ് നൗ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകുന്നു. ദുല്‍ഖര്‍ ചിത്രമായ ഒരു യമണ്ടന്‍ പ്രേമകഥയാണ് ഇറോസ് നൗ ഏറ്റവും പുതിയതായി സ്ട്രീം ചെയ്യുന്ന മലയാള സിനിമ. മലയാളത്തിലെ പുത്തന്‍ ചിത്രങ്ങളുടെ റിലീസും ഉടനുണ്ടാകുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും തിരക്കഥ എഴുതി ബി.സി. നൗഫല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന് പുറമേ നിഖില വിമല്‍, സൗബിന്‍ ഷാഹിര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സലീംകുമാര്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

സിനിമകള്‍, വെബ്‌സീരീസ്, ഷോര്‍ട്ട് ഫിലിം തുടങ്ങി വിവിധ ശ്രേണിയില്‍പ്പെട്ട മികച്ച ബഹുഭാഷാ കോണ്ടന്റുകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ഒരു യമണ്ടന്‍ പ്രേമകഥ സ്ട്രീം ചെയ്യുന്നതെന്ന് ഇറോസ് നൗ ചീഫ് കോണ്ടന്റ് ഓഫീസര്‍ റിധിമ ലുല്ല പറഞ്ഞു. ഇറോസ് നൗവിലൂടെ ഒരു യമണ്ടന്‍ പ്രേമകഥ സ്ട്രീം ചെയ്യുന്നത് ചിത്രം കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ സഹായകമാകുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ അഭിപ്രായപ്പെട്ടു. ഇതിന് ഇറോസ് നൗവിനോട് നന്ദിയുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.

ചിത്രം കാണാനായി www.erosnow.com സന്ദര്‍ശിക്കുക.