ധനുഷ് ചിത്രം ‘എന്നൈ നോക്കി പായും തോട്ട’ ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ട്, ടീസറും പാട്ടുകളും നീക്കം ചെയ്തു

ഗൗതം മേനോന്റെ സംവിധാനത്തില്‍ ധനുഷ് നായകനായെത്തുന്ന ചിത്രം എന്നൈ നോക്കി പായും തോട്ട ഉപേക്ഷിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഗൗതം മേനോന്റെ ഉടമസ്ഥതയിലുള്ള ഒന്‍ട്രാഗാ എന്റര്‍ടൈന്‍മെന്റ്‌സിന്റെ യൂട്യൂബ് ചാനലില്‍ നിന്ന് ചിത്രത്തിലെ പാട്ടുകളും ടീസറും നീക്കം ചെയ്തിരിക്കുകയാണ്. തുടര്‍ന്നാണ് ചിത്രം നിന്നുപോയെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാല്‍ ഇത് സംബന്ധിച്ച് ഗൗതം മേനോന്‍ പ്രതികരിച്ചിട്ടില്ല.

ചിത്രത്തിലെ മറുവാര്‍ത്തൈ പേസാതെ എന്ന ഗാനം സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ഡര്‍ബുക്ക ശിവയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. യൂട്യൂബില്‍ ഒരുകോടിയിലധികം ആളുകള്‍ ഗാനം കണ്ടിരുന്നു. മറുവാര്‍ത്തൈ, വിസിരി എന്നീ ഗാനങ്ങള്‍ ഇപ്പോള്‍ ഒന്‍ട്രാഗാ എന്റര്‍ടൈന്‍മെന്റ്‌സിന്റെ യൂട്യൂബ് ചാനലില്‍ ലഭ്യമല്ല. സാമ്പത്തിക പ്രതിസന്ധികളാല്‍ സിനിമ നിന്നു പോയെന്നും അതിനാല്‍ മറ്റൊരു പ്രൊഡക്ഷന്‍ കമ്പനിക്ക് സിനിമയുടെ അവകാശം വിറ്റുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന് ഫെബ്രുവരിയില്‍ യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.

2016ല്‍ ചിത്രം റിലീസിന് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് പല പ്രശ്‌നങ്ങള്‍ കാരണം റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. ഗൗതം മേനോന്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ മേഘ ആകാശാണ് നായിക.