വെബ് സീരീസില്‍ തമിഴ്‌നാടിനെ വിറപ്പിച്ച ‘ഓട്ടോ ശങ്കറാ’യി അപ്പാനി ശരത്…

ഒരു കാലത്ത് തമിഴ് നാടിനെ വിറപ്പിച്ചിരുന്ന സീരിയല്‍ കില്ലറായിരുന്ന ഓട്ടോ ശങ്കര്‍ എന്ന ഗൗരി ശങ്കറിന്റെ വേഷത്തില്‍ അപ്പാനി ശരത് സ്‌ക്രീനിലേക്ക്. തമില്‍ ഓണ്‍ലൈന്‍ ചാനലായ സീ5 റിലീസ് ചെയ്ത വെബ് സീരിസിന്റെ ആദ്യ ടീസര്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ട്രൈഡന്റ് ആര്‍ട്ട്‌സും ബേബി ഷൂ പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പരമ്പര സംവിധായകന്‍ രംഗനാണ് ഒരുക്കിയിരിക്കുന്നത്. ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയിലെ ‘അപ്പാനി രവി’ എന്ന കഥാപാത്രമായി തിളങ്ങിയ ശരത് കുമാര്‍ അവതരിപ്പിക്കുന്ന ഓട്ടോ ശങ്കറിന്റെ വേഷത്തിന് മികച്ച സ്വീകാര്യതയാണ് തമിഴ് നാട്ടില്‍ ലഭിച്ചിരിക്കുന്നത്. അങ്കമാലി ഡയറീസിലെ അപ്പാനിയുടെ അഭിനയം കണ്ട് സീരീസിന്റെ ഛായാഗ്രാഹകനായ മനോജ് പരമഹംസ ശരത്തിനെ ഈ വേഷം അവതരിപ്പിക്കാനായി ക്ഷണിക്കുകയായിരുന്നു.

1988-89 കാലത്ത് തമിഴ്നാടിനെ വിറപ്പിച്ച ക്രൂരമായ കൊലപാതകങ്ങളിലൂടെ കുപ്രസിദ്ധനാവുകയായിരുന്നു ഗൗരി ശങ്കര്‍ എന്ന ഓട്ടോ ശങ്കര്‍. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ ജനിച്ച ശങ്കര്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞതോടെ ജീവിതമാര്‍ഗം തേടി മദ്രാസിലെത്തുകയായിരുന്നു. അവിടെ പെയിന്റ് ജോലിക്കാരനായി തുടങ്ങി പിന്നീട് ഓട്ടോറിക്ഷാ ഡ്രൈവറായി ശേഷം ചാരായം കടത്തലിലൂടേയും പെണ്‍വാണിഭത്തിലൂടേയും കുപ്രസിദ്ധി നേടിയായിരുന്നു ഗൗരി ശങ്കര്‍ ഓട്ടോശങ്കര്‍ എന്ന അധോലോക നായകനായി മാറിയത്. ഇതിനിടെ ഇയാള്‍ ആറ് കൊലപാതകങ്ങള്‍ നടത്തിയിരുന്നു. ഏറെ നാള്‍ പോലീസിനെ വെട്ടിച്ച് നടന്ന ഇയാള്‍ ഒടുവില്‍ പിടിയിലാകുകയായിരുന്നു. തുടര്‍ന്ന് നാല്‍പതാം വയസ്സില്‍ ഇയാളെ തൂക്കിലേറ്റുകയായിരുന്നു.

ടീസര്‍ കാണാം..