
തീവ്രമായ നിരൂപണങ്ങൾക്കിടയിലും ആഗോളതലത്തിൽ വിജയക്കുതിപ്പ് തുടരുകയാണ് ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത പുതിയ ചിത്രം ‘ദ ഒഡീസി’. ഹോമറിന്റെ പ്രശസ്തമായ പൗരാണിക മഹാകാവ്യത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുമ്പോഴും, സിനിമയെ കടുപ്പമേറിയ ഭാഷയിൽ വിമർശിച്ച് ഒഡീസിയുടെ പ്രശസ്ത ഇംഗ്ലീഷ് പരിഭാഷകയായ എമിലി വിൽസൺ രംഗത്തെത്തിയത് വലിയ ശ്രദ്ധ നേടുന്നു. ‘ലണ്ടൻ റിവ്യൂ ഓഫ് ബുക്സി’ൽ എഴുതിയ കുറിപ്പിലൂടെയാണ് ചിത്രത്തിന് വൈകാരികവും രാഷ്ട്രീയവും ധാർമികവുമായ ആഴമില്ലെന്ന് എമിലി തുറന്നടിച്ചത്.
ഹോമറിന്റെ കാവ്യത്തെ മഹത്തരമാക്കുന്ന ഘടകങ്ങളൊന്നും നോളന്റെ ചലച്ചിത്ര ഭാഷ്യത്തിൽ ഇല്ലെന്ന് എമിലി വിൽസൺ അഭിപ്രായപ്പെട്ടു. വലിയ ആശയങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചിത്രത്തിന്റെ കാഴ്ചപ്പാട് ആശയക്കുഴപ്പം നിറഞ്ഞതാണെന്നും, വലിയ സ്ഫോടനങ്ങൾക്കും കൂറ്റൻ രാക്ഷസന്മാർക്കും നൽകിയ പ്രാധാന്യം കഥാപാത്രങ്ങളുടെ വികാസത്തിന് നൽകിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. തിരക്കഥയും ആഖ്യാന ശൈലിയും ദാരുണമാണെന്ന് വിമർശിച്ച അവർ, സ്വന്തമായി ഇത്തരമൊരു തിരക്കഥ എഴുതേണ്ടി വന്നിരുന്നെങ്കിൽ തനിക്ക് നാണക്കേട് തോന്നിയേനെ എന്നും കുറിച്ചു. നായകനും ഭാര്യയും തമ്മിലുള്ള ബന്ധത്തിന് പ്രേക്ഷകരെ വൈകാരികമായി അടുപ്പിക്കാൻ സിനിമയ്ക്ക് സാധിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, പൗരാണിക ഗ്രീക്ക് സാഹിത്യത്തോടും ചരിത്രത്തോടും പൊതുജനങ്ങൾക്ക് താൽപ്പര്യം വളർത്താൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ടെന്ന് അവർ അംഗീകരിക്കുന്നു. സിനിമയുടെ വരവോടെ ഒഡീസിയുടെ പുസ്തക വിൽപ്പന കുത്തനെ ഉയർന്നതായും സാഹിത്യ-ചരിത്ര പഠന മേഖലകൾക്ക് ഇത് പുതിയ ജീവൻ നൽകിയേക്കാമെന്നും എമിലി വ്യക്തമാക്കി. ഒഡീസി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ആദ്യ വനിതയാണ് ബ്രിട്ടീഷ്-അമേരിക്കൻ ക്ലാസിക്കലിസ്റ്റായ എമിലി വിൽസൺ. എമിലിയുടെ പരിഭാഷയിലെ ആദ്യ വരികളാണ് തന്നെ ഈ സിനിമ നിർമിക്കാൻ പ്രചോദിപ്പിച്ചതെന്ന് പ്രൊമോഷൻ വേളയിൽ നോളൻ വെളിപ്പെടുത്തിയിരുന്നു.