
ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത ‘വേട്ടയ്യൻ’ എന്ന ചിത്രത്തിൽ സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് നടി ദുഷാര വിജയൻ. ചിത്രീകരണത്തിന് തലേന്ന് ആദരവും പേടിയും കാരണം തനിക്ക് പനി പിടിച്ചുപോയെന്നും, ആദ്യമായി അദ്ദേഹത്തെ കണ്ട നിമിഷം മറക്കാനാവില്ലെന്നും താരം വെളിപ്പെടുത്തി. എസ്.എസ്. മ്യൂസിക് പോഡ്കാസ്റ്റിലൂടെയായിരുന്നു ദുഷാര മനസ്സുതുറന്നത്.
ചെറുപ്പത്തിൽ ‘മുത്ത്’, ‘പടയപ്പ’, ‘ബാഷ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ കണ്ടു വളർന്ന തനിക്ക് രജനികാന്തിനൊപ്പം സ്ക്രീൻ പങ്കിടുക എന്നത് സ്വപ്നതുല്യമായ കാര്യമായിരുന്നുവെന്ന് ദുഷാര പറയുന്നു. “വേട്ടയ്യനിൽ എന്റെ ആദ്യത്തെ ഷോട്ട് അദ്ദേഹത്തിനൊപ്പമായിരുന്നു. തലേന്ന് രാത്രി അദ്ദേഹത്തെ കാണണമല്ലോ എന്നോർത്ത് ബഹുമാനം കൊണ്ടുള്ള പേടിയായിരുന്നു. അത് കാരണം എനിക്ക് പനി വരെ വന്നു. ശരീരം വല്ലാതെ തളർന്നുപോയി,” ദുഷാര ഓർത്തെടുത്തു.
എന്നാൽ സെറ്റിൽ വെച്ച് അദ്ദേഹത്തെ പരിചയപ്പെട്ടപ്പോൾ ലഭിച്ച പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയെന്നും നടി കൂട്ടിച്ചേർത്തു. ‘സാർപ്പട്ടൈ പരമ്പരൈ’യിലെ പ്രകടനം കണ്ടിട്ടുണ്ടെന്നും നന്നായി ചെയ്തിട്ടുണ്ടെന്നും രജനികാന്ത് പറഞ്ഞപ്പോൾ ജീവിതത്തിൽ വലിയൊരു വിജയം നേടിയ ഫീലാണ് തനിക്കുണ്ടായതെന്ന് ദുഷാര വ്യക്തമാക്കി. വേട്ടയ്യന്റെ ഓഡിയോ ലോഞ്ചിലും രജനികാന്ത് ദുഷാരയെക്കുറിച്ച് രസകരമായി സംസാരിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു.
തുടർച്ചയായി വലിയ താരങ്ങൾക്കൊപ്പം അവസരം ലഭിക്കുന്നതിനെക്കുറിച്ചും സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെക്കുറിച്ചും നടി തന്റെ നിലപാട് വ്യക്തമാക്കി. വൻകിട ചിത്രങ്ങൾ എങ്ങനെ തേടിയെത്തുന്നു എന്നതിന് തനിക്ക് വ്യക്തമായ ഉത്തരമില്ലെന്നും, നെഗറ്റീവ് കമന്റുകളെ മൈൻഡ് ചെയ്യാതെ ജീവിതത്തിലെ പോസിറ്റീവായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും ദുഷാര പറഞ്ഞു.
ജീവിതത്തിലെ സൗഹൃദങ്ങളെക്കുറിച്ചും ദുഷാര തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചു. വളർച്ചയ്ക്ക് സുഹൃത്തുക്കൾ ആവശ്യമാണെങ്കിലും ചില സമയത്ത് കൂടെയുള്ളവർ തന്നെ പ്രശ്നക്കാരാകാറുണ്ട്. നല്ല സൗഹൃദങ്ങൾ നമ്മളെ ഉയർത്തുമ്പോൾ, തെറ്റായ കൂട്ടുക്കെട്ടുകൾ നമ്മളെ തകർക്കാനും സാധ്യതയുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് നടി തൻ്റെ സംസാരം അവസാനിപ്പിച്ചത്.