
‘തുടക്കം’ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്ന ആശിഷ് ജോ ആന്റണിക്കൊപ്പമുള്ള ലൊക്കേഷൻ ചിത്രം പങ്കുവെച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ആശിഷിനും പിതാവും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരിനുമൊപ്പമുള്ള ഫോട്ടോയാണ് ജൂഡ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടത്. “നടേശാ കൊല്ലണ്ട, ജസ്റ്റ് ഒന്ന് പേടിപ്പിച്ചാ മതി” എന്ന രസകരമായ ക്യാപ്ഷനോടെ പങ്കുവെച്ച പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
ചിത്രത്തിൽ ‘ജിത്തു’ എന്ന ഭീതിജനകമായ വില്ലൻ കഥാപാത്രത്തെയാണ് ആശിഷ് അവതരിപ്പിച്ചിരിക്കുന്നത്. ഡയലോഗുകൾ പോലുമില്ലാതെ വെറും ശരീരഭാഷ കൊണ്ടും ഭാവങ്ങൾ കൊണ്ടും പ്രേക്ഷകരെ അമ്പരിപ്പിച്ച ആശിഷിന്റെ പ്രകടനത്തെ പുകഴ്ത്തിക്കൊണ്ട് നിരവധിയാളുകളാണ് ജൂഡിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. “പുള്ളി വന്ന് നിന്നാൽ തന്നെ പേടിയാകും”, “ഇതിലും കൂടുതൽ ഇനി പേടിക്കാൻ വയ്യ”, “ആ അച്ഛന്റെ മുഖത്തെ ഭീതി ഞാൻ മാത്രമേ കണ്ടുള്ളൂ…” എന്നിങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണങ്ങൾ.
‘എംപുരാൻ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ആശിഷ്, തന്റെ രണ്ടാമത്തെ ചിത്രത്തിൽ തന്നെ അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. വിസ്മയ മോഹൻലാലും ആശിഷുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ തികച്ചും പക്വതയാർന്ന പെർഫോമൻസാണ് വിസ്മയ കാഴ്ചവെച്ചിരിക്കുന്നതെന്നാണ് സിനിമാസ്വാദകരുടെ വിലയിരുത്തൽ.
റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുന്ന ‘തുടക്കം’ ഇതിനോടകം തന്നെ ആഗോളതലത്തിൽ 31 കോടിയിലധികം രൂപ കളക്ഷൻ നേടിക്കഴിഞ്ഞു. ബോബി കുര്യൻ, സായ് കുമാർ, ചിപ്പി, മനോജ് കെ ജയൻ, ഗണേഷ് കുമാർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.