‘ഭ്രാന്തായാൽ എന്ത് സുഖം’ ഖലീഫയിൽ ഇല്ലേ? പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിലെ സത്യം

','

' ); } ?>

വരുന്ന ഓണം സീസൺ ലക്ഷ്യമിട്ട് ഓഗസ്റ്റ് 20-ന് തിയേറ്ററുകളിലെത്തുന്ന പൃഥ്വിരാജ് ചിത്രം ‘ഖലീഫ’യെക്കുറിച്ചുള്ള വാർത്തകളും അതിലെ ഒരു ഗാനത്തെച്ചൊല്ലിയുള്ള ചർച്ചകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ മാസ് ആക്ഷൻ ക്രൈം ത്രില്ലറിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു എന്ന പ്രഖ്യാപനം മുതൽ വലിയ പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ചിത്രത്തിലേതെന്ന പേരിൽ അടുത്തിടെ തരംഗമായ ‘ഭ്രാന്തായാൽ എന്ത് സുഖം’ എന്ന പാട്ടിനെച്ചൊല്ലിയാണ് ഇപ്പോൾ ട്രോളുകളും വിമർശനങ്ങളും ഉയരുന്നത്.

ഒരു ആക്ഷൻ ക്രൈം ത്രില്ലർ സിനിമയുടെ അന്തരീക്ഷത്തിന് യോജിച്ചതല്ല ഈ പാട്ടെന്നാരോപിച്ചായിരുന്നു സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ. സിനിമയുടെ സംഗീത സംവിധായകൻ ജേക്ക്സ് ബിജോയ്‌ക്കെതിരെയും ട്രോളുകൾ ഉയർന്നിരുന്നു. എന്നാൽ, തരംഗമായ ഈ സൂഫി ഗാനം യഥാർത്ഥത്തിൽ ജേക്ക്സ് ബിജോയ് ഒരുക്കിയതല്ലെന്നതാണ് വസ്തുത. വർഷങ്ങൾക്ക് മുമ്പ് ലക്ഷദ്വീപിൽ നിന്നുള്ള ഗായകൻ പാടി സോഷ്യൽ മീഡിയയിൽ വൈറലായ ഈ പാട്ടിന്റെ യഥാർത്ഥ രചയിതാവും സംഗീതജ്ഞനും ജാബിർ സുലൈം ആണ്. ജേക്ക്സ് ബിജോയിയുടെ യൂട്യൂബ് ചാനലിലെ ക്രെഡിറ്റുകളിലും ജാബിർ സുലൈമിന്റെ പേരുതന്നെയാണ് നൽകിയിട്ടുള്ളത്.

അതേസമയം, പ്രമുഖ ട്രേഡ് അനലിസ്റ്റ് എ.ബി. ജോർജ് നൽകുന്ന വിവരമനുസരിച്ച് ഈ ഗാനം ‘ഖലീഫ’ എന്ന സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ല. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലെ ഗാനത്തിന്റെ ക്രെഡിറ്റിൽ നിന്ന് ജേക്ക്സ് ബിജോയിയുടെ പേര് ഒഴിവാക്കാൻ ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ജിനു എബ്രഹാം തിരക്കഥയൊരുക്കുന്ന ‘ഖലീഫ’ രണ്ട് ഭാഗങ്ങളായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ബോളിവുഡ് താരം നീൽ നിതിൻ മുകേഷ് വില്ലനായെത്തുന്ന ചിത്രത്തിൽ മാളവിക ശർമയും കൃതി ഷെട്ടിയുമാണ് നായികമാർ. ജോമോൻ ടി. ജോൺ ഛായാഗ്രഹണവും യാനിക് ബെൻ സംഘട്ടന രംഗങ്ങളും ഒരുക്കുന്ന ചിത്രം ഈ ഓണക്കാലത്തെ ഏറ്റവും വലിയ റിലീസുകളിലൊന്നായാണ് തീയേറ്ററുകളിലേക്ക് എത്തുന്നത്.