‘ലിപ്പ്‌ലോക്ക് സീന്‍ ഫൈറ്റ്-കോമഡി സീനുകള്‍ പോലെ സാധാരണം’; ദുര്‍ഗ കൃഷ്ണ

കുടുക്ക് 2025 എന്ന ചിത്രത്തിലെ ലിപ്പ് ലോക്ക് സീനിനെ തുടര്‍ന്ന് നടി ദുര്‍ഗ കൃഷ്ണയ്ക്ക് വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ചിത്രത്തില്‍ നടന്‍ കൃഷ്ണ ശങ്കറിനൊപ്പമാണ് ലിപ്പ്ലോക്ക് സീനുകള്‍ ചെയ്തത്. ദുര്‍ഗയ്ക്കെതിരെയുള്ള സൈബര്‍ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് നടന്‍ കൃഷ്ണ ശങ്കര്‍, സംവിധായകന്‍ ബിലഹരി, ദുര്‍ഗയുടെ ഭര്‍ത്താവ് അര്‍ജുന്‍ രവീന്ദ്രന്‍ എന്നിവര്‍ പ്രതികരണം അറിയിച്ചിരുന്നു. ഈ വിഷയത്തില്‍ ദുര്‍ഗ കൃഷ്ണ വീണ്ടും തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്.

ഒരു ലിപ്പ് ലോക്ക് സീന്‍ ചെയ്യുന്നത് കോമഡി, ഫൈറ്റ്, ഇമോഷണല്‍ സീന്‍ എന്നിവ ചെയ്യുന്നത് പോലെ തന്നെ സാധാരണമാണ്. അതില്‍ ഒരു തെറ്റുമില്ല. നിലവില്‍ തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് നടക്കുന്നത് എന്നാണ് ദുര്‍ഗ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ദുര്‍ഗ കൃഷ്ണ പറഞ്ഞത്:

ആളുകള്‍ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. ഒരു സിനിമയിലും ശരിക്ക് ഇത്തരം പ്രശ്നങ്ങളുടെ ആവശ്യമില്ല. കാരണം ഒരു ഇന്റിമേറ്റ് സീനോ, ലിപ്പ് ലോക്ക് സീനോ ഫൈറ്റ് സീനും ഇമോഷണല്‍ സീനും കോമഡി സീനും പോലെ സാധാരണമാണ്. അത് ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. ഇനി റിലീസ് ചെയ്യാനിരിക്കുന്ന എന്റെ സിനിമ സെക്യൂരിറ്റി-പ്രൈവസി പ്രശ്നങ്ങളെ കുറിച്ചാണ്. അതില്‍ എന്റെ ഈവ് എന്ന കഥാപാത്രത്തിന് ഒരു ലിപ്പ് ലോക്ക് സീനുണ്ട്. ആ സീന്‍ ഉള്‍പ്പെടുത്താന്‍ വ്യക്തമായ കാരണങ്ങളുമുണ്ട്. ഇപ്പോള്‍ ഞാന്‍ ശരിക്കും എന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് നേരിടുന്നത്.

ഞാന്‍ എന്ത് തരം കഥാപാത്രങ്ങളും സീനുകളുമാണ് ചെയ്യേണ്ടത് എന്ന് ആളുകള്‍ തീരുമാനിച്ച് അത് എന്റെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. അവര്‍ക്ക് ഞാന്‍ ചെയ്യുന്നതിനോട് പ്രശ്നം ഉണ്ടെങ്കില്‍ കാണാതിരിക്കാമല്ലോ. അത് അവരുടെ അവകാശമാണ്. അതുപോലെ ഞാന്‍ എന്ത് ചെയ്യണം എന്ത് ചെയ്യേണ്ട എന്നത് എന്റെ അവകാശമാണ്.