
മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ മകനും നടനുമായ ദുൽഖർ സൽമാൻ പങ്കുവെച്ച ആശംസാ കുറിപ്പും ചിത്രവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ഹൃദ്യമായ ചിത്രം പങ്കുവെച്ചുകൊണ്ട് “ലോകത്തിലെ എന്റെ ഏറ്റവും സുരക്ഷിതമായ ഇടം! അന്നും, ഇന്നും, എന്നും. ഏറ്റവും സന്തോഷകരമായ ജന്മദിനാശംസകൾ അപ്പാ, നിങ്ങളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നു” എന്നാണ് ദുൽഖർ കുറിച്ചത്.
ചിത്രവും ദുൽഖറിന്റെ കുറിപ്പും നിമിഷങ്ങൾക്കകമാണ് സിനിമാ ലോകവും ആരാധകരും ഏറ്റെടുത്തത്. അനുപമ പരമേശ്വരൻ, മനോജ് കെ. ജയൻ, നസ്ലിൻ, സൗബിൻ ഷാഹിർ, ആന്റണി വർഗീസ് തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങളാണ് പോസ്റ്റിന് താഴെ സ്നേഹമറിയിച്ച് കമന്റ് ചെയ്തത്. ‘കാത്തിരുന്ന ബർത്ത് ഡേ വിഷ് എത്തി’, ‘ഇതോടെ പിറന്നാൾ ആഘോഷം പൂർണ്ണമായി’ എന്നിങ്ങനെ ആരാധകരുടെ ആവേശകരമായ പ്രതികരണങ്ങളാലും കമന്റ് ബോക്സ് നിറഞ്ഞു.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ആണ് ദുൽഖറിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. വലിയ ഹൈപ്പിലെത്തിയ ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം, തമിഴിലും മലയാളത്തിലുമായി വൻനിര ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.