
കരയുന്നതിന് ജെന്‍ഡര്‍ ഇല്ലെന്നും കരയാന്‍ തോന്നിയാല്‍ കരയണമെന്നും തുറന്നു പറഞ്ഞ് ദുൽഖർ സൽമാൻ. ജീവിതത്തില്‍ സന്തോഷം തോന്നുമ്പോഴും സങ്കടം തോന്നുമ്പോഴും താന്‍ കരയാറുണ്ടെന്നും, ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ലെന്ന പൊതുബോധം ഇപ്പോഴുമുണ്ടെന്നും ദുൽഖർ പറഞ്ഞു. ഓണസ്റ്റ് ടൗണ്‍ഹാളിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദുൽഖറിന്റെ തുറന്നു പറച്ചിൽ.
“നല്ല സിനിമയും അതിനനുസരിച്ചുള്ള മ്യൂസിക്കുമുള്ള സിനിമയ്ക്ക് നല്ല രീതിയില്‍ കരയിക്കാനാകും. കരച്ചിലിന് ജെന്‍ഡര്‍ ഇല്ല. ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ലെന്ന പൊതുബോധം ഇപ്പോഴുമുണ്ട്. കരയാന്‍ തോന്നിയാല്‍ കരയുക. നല്ല കാര്യങ്ങള്‍ക്കായാലും മോശം കാര്യങ്ങള്‍ക്കായാലും കരയണം എന്ന് തോന്നുമ്പോള്‍ കരയുക. ആ ഇമോഷനെ ഫ്രീയാക്കി വിടണം.” ദുൽഖർ പറഞ്ഞു.
“കരയുകയെന്നത് സ്വഭാവികമായ കാര്യമാണ്. അതില്‍ ആണെന്നോ പെണ്ണ് എന്നോ ഇല്ല. കരയാന്‍ തോന്നുമ്പോള്‍ കരയണം. അതിന് മടി കാണിക്കരുത്. ഞാൻ നിര്‍മിച്ച സിനിമ പരാജയപ്പെട്ടപ്പോള്‍ വല്ലാതെ കരഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ ഒരുപാട് സന്തോഷവും സങ്കടവും തോന്നുന്ന സമയത്ത് കരയും. മകള്‍ ജനിച്ച ദിവസം കരഞ്ഞിട്ടുണ്ട്. നല്ല സിനിമകള്‍ കണ്ടാല്‍ കരയും. ഞാനും വാപ്പിച്ചിയും ലയണ്‍ കിങ് കണ്ട് കരഞ്ഞിട്ടുണ്ട്. മുഫാസ മരിക്കുന്ന രംഗം ആയപ്പോള്‍ എനിക്ക് കരച്ചില്‍ അടക്കാനായില്ല. വാപ്പിച്ചിയെ നോക്കിയപ്പോള്‍ പുള്ളിയും കരയാതിരിക്കാന്‍ പാടുപെടുകയായിരുന്നു.” ദുല്‍ഖര്‍ കൂട്ടിച്ചേർത്തു.