ഇറ്റലിയിൽ സെൻസറിങ് നിയമം അവസാനിപ്പിച്ചു…

സിനിമകള്‍ക്കുള്ള സെന്‍സറിംഗ് അവസാനിപ്പിച്ച് ഇറ്റലി. രംഗങ്ങള്‍ നീക്കം ചെയ്യാനും ആവശ്യമെന്ന് തോന്നുന്നപക്ഷം സിനിമകള്‍ തന്നെ നിരോധിക്കാനും ഭരണകൂടത്തിന് അധികാരം നല്‍കുന്ന, 1913 മുതലുള്ള നിയമമാണ് രാജ്യത്ത് ഇല്ലാതായത്. സാംസ്‌കാരിക മന്ത്രി ഡെറിയോ ഫ്രാന്‍സെസ്ച്ചിനിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

‘കലാകാരന്മാരുടെ സ്വാതന്ത്ര്യത്തില്‍ കയറാന്‍ സര്‍ക്കാരിനെ അനുവദിക്കുന്ന, നിയന്ത്രണങ്ങളുടെയും ഇടപെടലുകളുടെയും സംവിധാനം ഇനിയില്ല’, സാംസ്‌കാരിക മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. ഇറ്റലിയില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്ന ഒരു സിനിമയുടെ റിലീസിംഗ് തടയാനോ സദാചാരപരമോ മതപരമോ ആയ കാരണങ്ങളാല്‍ കട്ടുകള്‍ നിര്‍ദ്ദേശിക്കാനോ ഇനി സര്‍ക്കാരിന് ആവില്ല. പകരം തങ്ങളുടെ സിനിമകള്‍ കാണേണ്ട പ്രേക്ഷകരുടെ പ്രായം അനുസരിച്ച് ചലച്ചിത്രകാരന്മാര്‍ തന്നെയാവും ഒരു വര്‍ഗ്ഗീകരണം നടത്തുക. 12+ (12ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കാണാവുന്നത്), 14+, 16+, 18+ എന്നൊക്കെയാവും ഇത്തരത്തില്‍ സിനിമകള്‍ക്ക് നല്‍കുന്ന തരംതിരിവുകള്‍. എന്നാല്‍ ഈ ക്ലാസിഫിക്കേഷന്‍ പുനപരിശോധിക്കാന്‍ ഒരു കമ്മിഷനെയും രൂപികരിക്കും. ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരെക്കൂടാതെ വിദ്യാഭ്യാസ വിദഗ്ധരും മൃഗാവകാശ പ്രവര്‍ത്തകരുമൊക്കെ ഈ കമ്മിഷനില്‍ അംഗങ്ങളായിരിക്കും.